ആനക്കൊമ്പ് വിറ്റത് ആറ് ലക്ഷം രൂപയ്ക്ക്, വിറ്റയാളെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്, എവിടെ നിന്ന് കിട്ടി, അന്വേഷണം

By Web TeamFirst Published Sep 21, 2022, 6:06 PM IST
Highlights

കട്ടപ്പനയിൽ നിന്നും ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതിയും അറസ്റ്റിലായി

ഇടുക്കി: കട്ടപ്പനയിൽ നിന്നും ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതിയും അറസ്റ്റിലായി. കുമളി വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കൽ ജിതേഷാണ് പിടിയിലായത്. കേസിലെ മുന്നാം പ്രതിയാണ് ജിതേഷ്. രണ്ടും നാലും പ്രതികൾ ഓളിവിലാണ്.

കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയിൽ കാറിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ കേസിലായിരുന്നു വനം വകുപ്പിന്റെ അറസ്റ്റ്. ഇടനിലക്കാരൻ കുമളി വള്ളക്കടവ് സ്വദേശിയായ തിരുവേലിയ്ക്കൽ ജിതേഷിനെയാണ് ഇന്ന് കുമളി ഫോറസ്‌റ്റ്‌ റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കട്ടപ്പന കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഓഗസ്റ്റ് 10-നാണ് സുവർണ്ണഗിരിയിൽ വാടയ്ക്ക് താമസിക്കുന്ന കണ്ണംകുളം അരുണെന്നയാൾ ആനക്കൊമ്പുമായി പിടിയിലായത്. മറ്റൊരാൾക്ക് വിൽക്കാനായി കുമളിയ്ക്ക് കൊണ്ടുപോകും വഴിയാണ് വനം വകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചത്. ഇതേ തുടർന്നായിരുന്നു അറസ്റ്റ്. പ്രതി ജിതേഷിൽ നിന്നാണ് അരുണും ഇയാളുടെ സഹോദരീ ഭർത്താവും ചേർന്ന് 6 ലക്ഷം രൂപയ്ക്ക്  ആനക്കൊമ്പ് വാങ്ങിയത്.

എന്നാൽ മൂന്നാം പ്രതിയായ ജിതേഷിന് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്ന് വനംവകുപ്പ് അന്വേഷിച്ച് വരികയാണ്. ഇടനിലക്കാരനായതിനാൽ പ്രതിക്ക് മറ്റ് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. 8.4 കിലോഗ്രാം തൂക്കമുള്ള 130 സെ.മി അകം വ്യാസവും,124 സെ.മി പുറം വ്യാസവുമുള്ള കാട്ടാനയുടെ കൊമ്പാണ് പ്രതികൾ വിൽക്കാൻ ശ്രമം നടത്തിയത്.

Read more: 'വിളിച്ചത് നിന്റെ കസ്റ്റമറായിരിക്കും' മോശമായി പെരുമാറിയ സിഐക്കെതിരെ സാമൂഹ്യനീതി വകുപ്പിനെ സമീപിക്കാൻ ദീപ റാണി

എട്ടു കിലോ നാനൂറു ഗ്രാം തൂക്കമുള്ള ആനക്കൊമ്പിന് 124 സെ. നീളവുമുണ്ട്.   ആനക്കൊമ്പു കൊണ്ടു വന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ ആനക്കൊമ്പും പ്രതിയെയും കുമളി റേഞ്ചിന് കൈമാറി. ജിതേഷും അരുണും തമ്മിലുള്ള വിവിധ അനധികൃത ഇടപാടുകളുടെ വിവരങ്ങളും വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ പോലീസിന് കത്തു നൽകും.
 

click me!