'ആത്മഹത്യയല്ലാതെ വഴിയില്ല', യുഡിഎഫ് ഭരണസമിതി വ്യവസായം പൂട്ടിക്കാൻ ശ്രമിക്കുന്നെന്ന് പ്രവാസി

By Web TeamFirst Published Jun 24, 2019, 9:50 AM IST
Highlights

എന്‍റെ കുടുംബം എങ്ങനെ ജീവിക്കും? ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് പ്രവാസി വ്യവസായി. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള വ്യവസായ കേന്ദ്രത്തില്‍ നിന്ന് ഫർണിച്ചർ യൂണിറ്റ് മാറ്റണമെന്ന് കാണിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി വ്യവസായിക്ക് നോട്ടീസ് നല്‍കി

തിരൂര്‍: സ്വയം തൊഴില്‍ സംരംഭമായ സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടിക്കാൻ പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രവാസി വ്യവസായി. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണ സമിതിക്കെതിരെയാണ് പരാതി. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള വ്യവസായ കേന്ദ്രത്തില്‍ നിന്ന് ഫർണിച്ചർ യൂണിറ്റ് മാറ്റണമെന്ന് കാണിച്ച് വ്യവസായിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് യുഡിഎഫ് ഭരിക്കുന്ന മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി.

മുന്നിയൂര്‍ സ്വദേശിയായ രമേശ് കുമാരൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് കയ്യിലുള്ള ചെറിയ സമ്പാദ്യവുമായി 2013 ലാണ് ഈ ചെറുകിട സ്റ്റീല്‍ ഫര്‍ണിച്ചര്‍ യൂണിറ്റ് തുടങ്ങിയത്. തേഞ്ഞിപ്പലം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ദേവതിയാലിലെ വ്യവസായ കേന്ദ്രത്തിലെ കെട്ടിടം വാടകക്കെടുത്തായിരുന്നു സ്ഥാപനം തുടങ്ങിയത്. പഞ്ചായത്തുമായി ഉണ്ടാക്കിയത് അഞ്ചു വര്‍ഷത്തേക്കുള്ള കരാറായിരുന്നെങ്കിലും അപേക്ഷകന് ആവശ്യമുണ്ടെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടി കെട്ടിടം വാടകക്കു നല്‍കുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.

അഞ്ചു വര്‍ഷം കഴിഞ്ഞതോടെ കരാര്‍ പുതുക്കി നല്‍കാൻ കൂട്ടാക്കാതെ കെട്ടിടം ഒഴിയാൻ പഞ്ചായത്ത് സെക്രട്ടറി രമേശ് കുമാരന് നോട്ടീസ് നല്‍കി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ ഭരണസമിതിയും സെക്രട്ടറിയും വ്യവസായം അടച്ചുപൂട്ടിക്കുമെന്ന വാശിയിലായതായി രമേശ് കുമാരൻ ആരോപിക്കുന്നു. വ്യവസായ യൂണിറ്റ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നതോടെ ഈ ബിസിനസില്‍ മറ്റു ചിലര്‍ക്ക് താത്പര്യമുണ്ടായതാണ് തന്നെ ഒഴിവാക്കാൻ കാരണമെന്നും രമേശ് പരാതിപെട്ടു. എന്‍റെ കുടുംബം എങ്ങനെ ജീവിക്കും, ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ച് മന്ത്രിമാര്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും രമേശ് കുമാരൻ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റ്  താത്പര്യം കാണിച്ചില്ല. നിരവധി തവണ ടെലിഫോണില്‍ സംസാരിക്കാൻ ശ്രമിച്ചെങ്കിലും തിരക്കിലാണ് മൂന്നു നാല് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

click me!