
പാലക്കാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 2 സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കൗമാരക്കാരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആറും എട്ടും ക്ലാസുകളിൽ പഠിക്കുന്ന 2 വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച 2 കൗമാരക്കാരാണ് പിടിയിലായത്. മുറ്റിച്ചൂർ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയിൽ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയിൽ വിഷ്ണു (19 ) എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പ്രതികൾ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്ന് പീഡിപ്പിക്കുകയായിരുന്നു .വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മംഗലപുരത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിലായി എന്നതാണ്. സി പി എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ (50) യാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പീഡനം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ അറിയിച്ചതിനെ തുടർന്ന് സി ഡബ്ല്യു സി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പൊലീസ് ഷമീറിനെ ഇന്ന് രാവിലെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാൾ. സ്കൂളിലെ ലാബിൽവച്ചും മറ്റുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam