പുതുവത്സര രാത്രിയിൽ വഴിയോരത്തെ മീന്‍കട സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

By Web TeamFirst Published Jan 2, 2021, 12:14 AM IST
Highlights

വിൽപ്പനക്കായി ജീവനോടെ അലുമിനിയം പാത്രത്തിൽ സൂക്ഷിച്ചിരുന്ന എഴുപത് കിലോയോളം വരുന്ന പുഴ മത്സ്യങ്ങളും അവ സൂക്ഷിച്ചിരുന്ന ഫ്രീസറും, പാത്രങ്ങളും, മത്സ്യവിപണന ഷെഡും  കത്തി നശിച്ചു

മാന്നാർ: പുതുവത്സര രാത്രിയിൽ വഴിയോര മത്സ്യക്കട സാമൂഹ്യ വിരുദ്ധർ തീയിട്ടുനശിപ്പിച്ചു. മാന്നാർ പാവുക്കര കടപ്രമഠം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന വഴിയോര മീൻ കട പുതുവത്സര രാത്രിയിൽ സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കിയത്. പാവുക്കര കരയോഗം സ്കൂളിന് പടിഞ്ഞാറ് സുനിൽ ഭവനത്തിൽ ജയിംസ് ലീലാമ്മ ദമ്പതികളുടെ വഴിയോര മത്സ്യ വിപണന കേന്ദ്രമാണ് തീയിട്ടത്. വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം

വിൽപ്പനക്കായി ജീവനോടെ അലുമിനിയം പാത്രത്തിൽ സൂക്ഷിച്ചിരുന്ന എഴുപത് കിലോയോളം വരുന്ന പുഴ മത്സ്യങ്ങളും അവ സൂക്ഷിച്ചിരുന്ന ഫ്രീസറും, പാത്രങ്ങളും, മത്സ്യവിപണന ഷെഡും  കത്തി നശിച്ചു. മീൻ എടുക്കുന്നതിനായി പോകാൻ വന്ന വാഹനത്തിന്റെ ഡ്രൈവർ ആണ് തീ കത്തുന്നത് കണ്ടത്. 

ഉടൻ തന്നെ അടുത്ത വീട്ടിൽ ആളുകളെ വിളിച്ചു ഉണർത്തി വെള്ളം കൊണ്ട് വന്ന് ഒഴിച്ചാണ് തീ കെടുത്തിയത്. കഴിഞ്ഞ പത്ത് വർഷമായി അവിടെ മീൻ കച്ചവടം നടത്തി വരുന്ന ആളാണ് ജെയിംസ്. മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ജെയിംസ് പോലീസിനു പരാതി നൽകി. മാന്നാർ പോലീസ് കേസ് എടുത്തു. 

click me!