കടക്കരപ്പള്ളി ഒറ്റമശേരിയില്‍ കടല്‍ കയറ്റം രൂക്ഷം; ജനം ഭീതിയില്‍

By Web TeamFirst Published Jan 1, 2021, 8:27 PM IST
Highlights

ശക്തമായ തിരമാലയില്‍ വീടുകളുടെ അകത്തേക്കു വെളളം കയറിയതോടെ വീട്ടുപകരണങ്ങള്‍ നശിച്ചു.
 

ചേര്‍ത്തല: തീരദേശമായ കടക്കരപ്പള്ളി ഒറ്റമശേരിയില്‍ കടലേറ്റം രൂക്ഷം. നൂറോളം വീടുകള്‍ വെള്ളത്തിലായതോടെ ഭീതി വിട്ടൊഴിയാതെ തീരവാസികള്‍. ഗ്രാമപഞ്ചായത്തിന്റെ 1, 12, 14 വാര്‍ഡുകളിലാണ് കടലേറ്റം ഏറ്റവും രൂക്ഷമായത്. ശക്തമായ തിരമാലയില്‍ വീടുകളുടെ അകത്തേക്കു വെളളം കയറിയതോടെ വീട്ടുപകരണങ്ങള്‍ നശിച്ചു. കട്ടില്‍, കിടക്ക, വസ്ത്രങ്ങള്‍, ടെലിവിഷന്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം നശിച്ചു. വില പിടിപ്പുള്ള മറ്റ് സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനാകാതെയും ജനം വലഞ്ഞു.

പുലരും വരെ സ്ത്രീകളും കുട്ടികളും ഭീതിയുടെ നിഴലിലായിരുന്നു. വിവിധ വീടുകളുടെ അടിത്തറകള്‍ക്കും തകര്‍ച്ചയുണ്ട്. വീടുകളുടെ മതിലുകളും വേലികളും തകര്‍ന്നു. തെങ്ങ് ഉള്‍പ്പെടെ ഒട്ടേറെ വൃക്ഷങ്ങളും ഏതു സമയവും വീണ് അപകടമുണ്ടാകാവുന്ന നിലയിലാണ്. 200 മീറ്ററോളം കടല്‍ഭിത്തി ഇല്ലാത്ത സ്ഥലത്തുകൂടിയാണ് കടലേറ്റം കൂടുതലായി വന്നത്. തിരിച്ചൊഴുകാന്‍ ഓടകള്‍ പോലും ഇല്ലാത്തതിനാല്‍ വെള്ളം മണിക്കൂറുകളോളം കെട്ടിക്കിടന്നു. തൈക്കല്‍ ബീച്ചിന് വടക്ക് 9-ാം പുലിമുട്ടിന് സമീപമാണ് വലിയ വേലിയേറ്റം ഉണ്ടായത്. 
 

click me!