
തിരുവനന്തപുരം: കഴിഞ്ഞദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ തല്ലി തകർത്ത നാവായിക്കുളം ഗവൺമെന്റ് എച്ച്എസ്എസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ഇന്ന് ഉച്ചയോടെയാണ് മന്ത്രി വിദ്യാലയത്തിൽ എത്തിയത്. സംസ്ഥാനത്തിന്റെ പൊതുസ്വത്താണ് നശിപ്പിച്ചിരിക്കുന്നതെന്നും, പ്രതികളായവരെ എത്രയും വേഗം പിടികൂടാൻ വേണ്ട നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ റെക്കോർഡിങ് സൗകര്യം ഉള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം ആലോചനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഉരുള്‍ഘോഷയാത്ര നടന്ന രാത്രിയിലാണ് സ്കൂളിനു നേരെ ആക്രമണം ഉണ്ടായത്. പ്രദേശവാസികൾ എല്ലാം ഉത്സവാഘോഷത്തിൽ ആയിരുന്നതിനാൽ ആരും സ്കൂളിൽ നിന്നുള്ള ശബ്ദങ്ങൾ ഒന്നും കേട്ടിരുന്നില്ല. സ്കൂളിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ മുഴുവനും നശിപ്പിച്ചു. ക്ലാസ് മുറികളും ജനല ചില്ലുകളും തല്ലി തകർത്തു. സ്മാർട്ട് ക്ലാസ്സ് റൂമിലെ പ്രോജക്ടറുകൾ തല്ലിപ്പൊളിച്ച് കിണറ്റിൽ എറിഞ്ഞ നിലയിലാണ്. ജല ശുദ്ധീകരണ ഉപകരണങ്ങളും ലൈറ്റുകളും അടിച്ചുപൊട്ടിച്ചു. ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഓട് മുഴുവൻ അടിച്ച് തകർത്തു ആസ്ബറ്റോസും തല്ലിപ്പൊട്ടിച്ചു. ടോയ്ലറ്റ് ബ്ലോക്കുകളും ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന ജലസംഭരണികളും, കുടിവെള്ള ടാപ്പുകളും പൂർണമായും അടിച്ച് തകർത്തു.
അവധിക്കാലമായതിന്നതിനാൽ സ്കൂളിൽ സുരക്ഷജീവനക്കാരുടെ സേവനം ഇല്ലായിരുന്നു. വൈദ്യുതി ബന്ധം തകരാറിലാക്കിയ ശേഷമാണ് ആക്രമം നടത്തിയിട്ടുള്ളത് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam