വീട്ടുമുറ്റത്തിരുന്ന യമഹ ബൈക്ക്; രാത്രി സാമൂഹ്യവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പരാതിയുമായി യുവാവ്

By Web TeamFirst Published Jul 4, 2022, 8:32 PM IST
Highlights

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള അമ്പലപ്പാറ സ്വദേശി ജയാഭവനില്‍ രതീഷിന്‍റെ യമഹാ ബൈക്കാണ് പൂര്‍ണമായും കത്തിനശിച്ചത്

ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക് രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതായി പരാതി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള അമ്പലപ്പാറ സ്വദേശി ജയാഭവനില്‍ രതീഷിന്‍റെ യമഹാ ബൈക്കാണ് പൂര്‍ണമായും കത്തിനശിച്ചത്. ജെ സി ബി ഓപറേറ്ററായ രതീഷ് ബൈക്ക് വീട്ടുമുറ്റത്തുള്ള ചെറിയ ഷെഢിലാണ് വയ്ക്കുന്നത്. ഞായറാഴ്ച രാവിലെ അയല്‍വാസികളാണ് ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.

പെട്രോളിന്റെ മണം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഇവിടെ എത്തി വിവരം രതീഷിനെ അറിയിക്കുകയായിരുന്നു. കനത്ത മഴയായതിനാല്‍ രാത്രിയില്‍ മറ്റ് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് രതീഷ് പറഞ്ഞു. ബൈക്ക് നനയാതിരിക്കാന്‍ കെട്ടിയിരുന്ന പടുതായും ഇവിടെത്തന്നെ സൂക്ഷിച്ചിരുന്ന മരുന്നടിക്കാനുപയോഗിക്കുന്ന ഹോസുകള്‍, കുഴല്‍ക്കിണറിന്റെ വൈദ്യുതി കേബിള്‍, മരുന്ന് കലക്കുന്ന വീപ്പ തുടങ്ങിയവയും കത്തിനശിച്ചു.

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും

ഷെഢില്‍ നിന്നും ബൈക്ക് കത്തിക്കാന്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന പെട്രോള്‍ കുപ്പി കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് രതീഷ് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും ഇന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.

കൊല്ലത്ത് ടൂറിന് കൊഴുപ്പേകാൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, ബസിന് തീപിടിച്ചു

അതേസമയം ഇന്ന് രാവിലെ കൊല്ലത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനത്തിന്‍റേതാണ്. തലനാരിഴയ്ക്കാണ് സംഭവത്തിൽ അപകടം ഒഴിവായത്. വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. എന്നാൽ പുത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. കൊല്ലം പെരുമണ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ടൂർ പോകും മുമ്പാണ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്.  പൂത്തിരിയിൽ നിന്നും ബസിന്റെ മുകൾ ഭാഗത്ത് തീ പടർന്നു. ജീവനക്കാർ തന്നെ ബസിന്റെ മുകളിൽ കയറി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.

തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ബസുകൾ തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

click me!