
കുടിവെള്ള ടാങ്കിൽ ഗുളികകൾ കലർത്തി സാമൂഹ്യവിരുദ്ധര്‍ വെള്ളം വിഷമയമാക്കിയതായി വീട്ടമ്മയുടെ പരാതി. ആലപ്പുഴ മാന്നാർ പഞ്ചായത്ത് മൂന്നാം വാർഡിൽ പാവുക്കര തച്ചേരിൽ വീട്ടിൽ ബിഎസ്എഫ് ജവാനായ ലാലു ലാസറിന്റെ വീടിന്റെ മുകളിൽ ഇരുന്ന കുടിവെള്ള ടാങ്കിലാണ് സാമൂഹ്യവിരുദ്ധർ ഗുളികകൾ കലർത്തിയത്.
വീട്ടിൽ ലാലുവിന്റെ ഭാര്യയും മകളുമാണ് ഉള്ളത്. ഇന്ന് രാവിലെ പൈപ്പിൽ നിന്ന് വെള്ളം എടുത്തപ്പോൾ വലിയ രീതിയിൽ പതയുകയും, ദുർഗന്ധവും രുചി വ്യത്യാസം അനുഭവപ്പെടുകയും ചെയ്തതോടെയാണ് വീട്ടുകാർ ടാങ്ക് പരിശോധിച്ചത്. നിത്യോപയോഗ ആവശ്യങ്ങൾക്കും, കുടിക്കാനും വെള്ളം എടുക്കുന്ന ടാങ്കിലാണ് സാമൂഹ്യവിരുദ്ധർ ഗുളികകൾ ഇട്ട് വെള്ളം വിഷമയമാക്കിയത്.
വെള്ളത്തിൽ ഗുളിക കലർത്തിയ സംഭവത്തിൽ ലാലുവിന്റെ ഭാര്യ ബാനി മാന്നാർ പോലീസിൽ പരാതി നൽകി. ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ ആരോപിച്ചു. പോലീസ് സ്ഥലം സന്ദർശിച്ചു അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam