ഡിടിപിസി സെക്രട്ടറി നിയമനം, ക്രമക്കേടെന്ന് ഉദ്യോഗാര്‍ഥികള്‍, തിരുമറി രാഷ്ട്രീയസ്വാധീനമുളളവര്‍ക്കായെന്ന് ആരോപണം

By Web TeamFirst Published Oct 24, 2021, 10:33 AM IST
Highlights

എഴുത്തുപരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലും 10 പേര്‍ വീതം ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഇതില്‍ നിന്നും അഭിമുഖം നടത്തി ആളെ നിയമിക്കണം എന്നുമായിരുന്നു ഉത്തരവിലെ നിര്‍ദേശം. 

കൊല്ലം: വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിമാരെ നിയമിക്കാനുളള നടപടിക്രമങ്ങളില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍. രാഷ്ട്രീയ സ്വാധീനമുളളവരെ തിരുകി കയറ്റാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ പോലും കൃത്രിമം നടന്നെന്നാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികളുടെ ആരോപണം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന അന്തിമ അഭിമുഖ പരീക്ഷ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി നിയമനത്തിനായി ഈ വര്‍ഷം ഓഗസ്റ്റ് 18ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണിത്. എഴുത്തുപരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലും 10 പേര്‍ വീതം ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഇതില്‍ നിന്നും അഭിമുഖം നടത്തി ആളെ നിയമിക്കണം എന്നുമായിരുന്നു ഉത്തരവിലെ നിര്‍ദേശം. എഴുത്തു പരീക്ഷ സെപ്റ്റംബര്‍ 25ന് നടന്നു. ഇതിനു പിന്നാലെയാണ് കളളക്കളികളുടെ തുടക്കം. ആദ്യ ഉത്തരവ് നിലനില്‍ക്കേ തന്നെ ഒക്ടോബര്‍ 16ന് പുതിയ ഉത്തരവ് ടൂറിസം വകുപ്പ് പുറത്തിറക്കി. 

ഇതനുസരിച്ച് അഭിമുഖ പരീക്ഷയ്ക്ക് സംസ്ഥാന തലത്തില്‍ 50 പേരുടെ ഒരു പട്ടിക മതിയെന്നായി. പക്ഷേ അന്തിമ പട്ടിക പുറത്തിറങ്ങിയപ്പോള്‍ അതിലുള്‍പ്പെട്ടതാകട്ടെ 51 പേരും. മാത്രമല്ല സെക്ഷന്‍ ഓഫിസറുടെ ഒപ്പു പോലുമില്ലാതെയാണ് രണ്ടാമത്തെ ഉത്തരവ് ഇറങ്ങിയത് എന്നതും മറ്റൊരു കൗതുകം. തീര്‍ന്നില്ല. അഭിമുഖ പരീക്ഷയ്ക്ക് യോഗ്യത നേടിയ 51 ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ 14 പേരുടെ പേര് ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. അഭിമുഖ പരീക്ഷയ്ക്ക് എത്തുമ്പോള്‍ നിയമിക്കാന്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവര്‍ ആരൊക്കെയന്ന കാര്യം അഭിമുഖ കര്‍ത്താക്കള്‍ക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ് ഇങ്ങനെ പട്ടിക അച്ചടിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

അറുപതിനായിരം രൂപ പ്രതിമാസ ശമ്പളം നല്‍കുന്ന തസ്തികയിലെ നിയമനത്തിലാണ് ഈ കളളക്കളികളെല്ലാം. എന്നാല്‍ പിഴവുകളെല്ലാം വെറും ക്ലറിക്കല്‍ പിഴവുകള്‍ മാത്രമെന്ന ഒറ്റവാചകത്തില്‍ പ്രതികരണം അവസാനിപ്പിക്കുകയാണ് ടൂറിസം വകുപ്പ്. ടൂറിസം വകുപ്പില്‍ പ്രഫഷണലുകളെ നിയമിക്കാനുളള വകുപ്പ് മന്ത്രിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന ആദ്യ നിയമനത്തില്‍ തന്നെയാണ് ക്രമക്കേട് ആരോപണം എന്നതും ശ്രദ്ധേയം.

click me!