മീനങ്ങാടിയില്‍ രണ്ടര വയസ്സുകാരി പുഴയില്‍ വീണതായി സംശയം

By Web TeamFirst Published Oct 24, 2021, 10:06 AM IST
Highlights

പുഴയരികിലെ ചെളിയില്‍ കുട്ടിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളൂം കണ്ടെത്തിയിട്ടുണ്ട്. പോലീസും ഫയര്‍ ഫോഴ്സും, റെസ്‌ക്യൂ ടീമുകളും ഇന്നലെ മുതല്‍ തന്നെ തിരച്ചില്‍ നടത്തുന്നുണ്ട്. 

കല്‍പ്പറ്റ: മീനങ്ങാടിയില്‍ രണ്ടര വയസ്സുകാരി പുഴയില്‍ വീണതായി സംശയം. പുഴങ്കുനിയിലെ മലക്കാട് പുഴയിലാണ് കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്റെ മകളായ ശിവ പാര്‍വണയെ കാണാതായത്. വീടിലും പരിസര പ്രദേശങ്ങളിലും ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. 

പുഴയരികിലെ ചെളിയില്‍ കുട്ടിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളൂം കണ്ടെത്തിയിട്ടുണ്ട്. പോലീസും ഫയര്‍ ഫോഴ്സും, റെസ്‌ക്യൂ ടീമുകളും ഇന്നലെ മുതല്‍ തന്നെ തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയില്‍ പുഴയില്‍ ജലനിരപ്പ് കൂടിയിരുന്നു. മീനങ്ങാടി പുഴംകുനി ചേവായില്‍ രജിത്ത് കുമാറിന്റെ വീട്ടില്‍ വിരുന്നെത്തിയ ശിവപാര്‍വണ. 

രാവിലെ പത്തരയോടെയാണ് കാണാതായത്. ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ വീടാണ് പുഴംകുനിയിലുള്ളത്. സംഭവം അറിഞ്ഞയുടനെ തിരിച്ചില്‍ ആരംഭിച്ച നാട്ടുകാരാണ് പുഴക്ക് സമീപത്ത് ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുഴയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. കല്‍പ്പറ്റ ബത്തേരി ഫയര്‍ഫോഴ്സ് യൂണിറ്റ് അംഗങ്ങളും ജീവന്‍ രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിനാല്‍ പുഴയില്‍ ഒഴുക്ക് ശക്തമാണ്. ഷട്ടര്‍ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചായിരുന്നു ഇന്നലത്തെ രക്ഷാപ്രവര്‍ത്തനം. അതേ സമയം കുട്ടി പുഴയില്‍ വീണതാണോ, മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുട്ടിയെ കാണാനില്ലെന്നകാര്യം  സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിക്കുന്നുണ്ട്. രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.

click me!