
തൃശൂര്‍: തൃശൂര്‍ വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ല. മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്ത് ആയിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. 20 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. അര്‍ച്ചനയുടെ അച്ഛന്‍ ഹരിദാസിന്‍റെ പരാതിയില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാരോണിന്‍റെ അമ്മയെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം തുടരന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ.
ഏഴ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അളഗപ്പനഗര്‍ പോളി ടെക്നിക്കില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ അര്‍ച്ചന കുറച്ച് കാലം ജോലി നോക്കിയിരുന്നു. അര്‍ച്ചനയുടെ അമ്മ വീടിന് സമീപം ഷാരോണും കുടുംബവും വാടകയ്ക്ക് താമസിക്കാനെത്തിയപ്പോഴുള്ള പരിചയമാണ് പ്രണയത്തിലെത്തിയതും വീടുവിട്ടിറങ്ങിപ്പോകുന്നതിന് കാരണമായതും. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നുവെന്ന് അച്ഛന്‍ ഹരിദാസ് പറയുന്നു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഹരിദാസ് പറഞ്ഞു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam