കുസാറ്റിലെ ഗവേഷണത്തിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ചായക്കടയും, മാതൃകയായി ആര്‍ദ്ര

Published : Jan 31, 2022, 06:47 AM IST
കുസാറ്റിലെ ഗവേഷണത്തിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ചായക്കടയും, മാതൃകയായി ആര്‍ദ്ര

Synopsis

പുലർച്ചെ 5 മണിമുതൽ കടയിലെ അടുക്കള കൈകാര്യം ചെയ്യുന്നത് അമ്മ മോളിയും ആർദ്രയും ചേർന്നാണ്. പത്ത് മണിയായാൽ ക്യാഷ് കൗണ്ടറിൽ. ഊണിന്റെ സമയമായാൽ ക്യാഷ് കൗണ്ടർ അച്ഛൻ അപ്പുക്കുട്ടനെ ഏൽപ്പിച്ച് ഭക്ഷണം വിളമ്പും. സഹായത്തിന് കടയിലെത്തുന്ന മറ്റ് ജോലിക്കാർ വന്നില്ലെങ്കിൽ പാത്രം കഴുകുന്നതും മറ്റ് പണികൾ ചെയ്യുന്നതും ആർദ്ര തന്നെയാണ്. 

ആലപ്പുഴ: ജീവിതത്തോടുള്ള പൊരുതി നില്‍പാണ് ആര്‍ദ്രയുടേത്. അരൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ചായക്കടയില്‍ മാതാപിതാക്കള്‍ക്കൊപ്പം സഹായിയായി നില്‍ക്കുന്നത് ഗവേഷക വിദ്യാര്‍ത്ഥിനിയായ ആര്‍ദ്ര എം അപ്പുകുട്ടനാണ്. പുലർച്ചെ 5 മണിമുതൽ കടയിലെ അടുക്കള കൈകാര്യം ചെയ്യുന്നത് അമ്മ മോളിയും ആർദ്രയും ചേർന്നാണ്. പത്ത് മണിയായാൽ ക്യാഷ് കൗണ്ടറിൽ. ഊണിന്റെ സമയമായാൽ ക്യാഷ് കൗണ്ടർ അച്ഛൻ അപ്പുക്കുട്ടനെ ഏൽപ്പിച്ച് ഭക്ഷണം വിളമ്പും. സഹായത്തിന് കടയിലെത്തുന്ന മറ്റ് ജോലിക്കാർ വന്നില്ലെങ്കിൽ പാത്രം കഴുകുന്നതും മറ്റ് പണികൾ ചെയ്യുന്നതും ആർദ്ര തന്നെയാണ്.

കൊച്ചി സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള മറൈൻ ബയോളജി ക്യാമ്പസിലാണ് ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ആര്‍ദ്ര. മഹാരാജാസിലെ ബിരുദ പഠനത്തിന് ശേഷമാണ് ആർദ്ര കുസാറ്റിൽ ബിരുദാനന്തര ബിരുദത്തിന് ചേരുന്നത്. ശേഷം അവിടെ തന്നെ എൻട്രൻസ് എഴുതി ഗവേഷണത്തിന് ചേരുകയായിരുന്നു. കോളേജിൽ പോയി തിരികെയെത്തിയാൽ നേരെ വരുന്നതും കടയിലേക്ക് തന്നെ. പിന്നീട് രാത്രി പത്തു മണിക്ക് കട അടച്ച് മൂവരും കൂടി ഒന്നിച്ചാണ് വീട്ടിലേക്ക് പോകുന്നതും. പ്ലസ്ടു കഴിഞ്ഞ ശേഷം മുതൽ എല്ലാ ദിവസവും ഇത് തന്നെയാണ് ആർദ്രയുടെ ദിനചര്യ.

അച്ഛനെയും അമ്മയെയും ജോലിയിൽ സഹായിക്കുകയല്ല, മറിച്ച് താൻ ഉൾപ്പടെയുള്ള മൂന്ന് പേരുടെ വരുമാന മാർഗമെന്ന നിലയിൽ ജോലികളിൽ പങ്കാളിയാവുക എന്നതാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ആർദ്രയുടെ പക്ഷം. ചായക്കടയാണ് എന്നതിന്റെ പേരിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും തന്റെ കൂട്ടുകാർക്കെല്ലാം ഇക്കാര്യം അറിയാവുന്നത് കൊണ്ട് തന്നെ ഇതുവഴി പോകുന്ന കൂട്ടുകാർ ഇടയ്ക്ക് ഇവിടെ കഴിക്കാൻ എത്തുന്നതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകുന്നതെന്നും ആർദ്ര പറയുന്നു. കടയിൽ തിരക്കൊഴിയുമ്പോഴും മറ്റും പഠിക്കാനും സമയം കണ്ടെത്താറുണ്ട്.

പഠന കാലത്തെ പരീക്ഷകളും ഗവേഷണത്തിന്റെ തിരക്കുകളും മറ്റും വരുമ്പോൾ കടയിൽ നിന്ന് ലീവെടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എത്രയും വേഗം ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡി ബിരുദം നേടി സർക്കാർ സർവീസിൽ തന്നെ ജോലി നേടണമെന്നാണ് ആർദ്രയുടെ ആഗ്രഹം. വിശപ്പിന്റെ വിലയറിയുന്നത് കൊണ്ട് തന്നെ കടയിൽ വരുന്നവരുടെ വയറിനൊപ്പം രുചികൊണ്ട് മനസ്സും നിറച്ച ശേഷമേ ഈ അച്ഛനും മകളും വിടൂ. ചായക്കടയിലെ വരുമാന മാർഗ്ഗം കൊണ്ടാണ് ഈ മാതാപിതാക്കൾ മകളെ പഠിപ്പിച്ചത്.

എത്ര കഠിനാധ്വാനം ചെയ്തും മകളുടെ പഠനത്തിന് എല്ലാപിന്തുണയും നൽകാനും ആർദ്രയ്ക്ക് കരുത്തായി അവരുണ്ട്. ജീവിതയാത്രയിൽ ഏറെ ദുരിതങ്ങളും പ്രതിസന്ധികളും അതിജീവിച്ചാണ് ആർദ്രയും കുടുംബവും പൊരുതുന്നത്. തന്റെ സ്വപ്നങ്ങൾ എല്ലാം ഒരു ദിവസം സാധ്യമാക്കി അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്നാണ് ആർദ്രയുടെ ആഗ്രഹം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി