
കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വ്യാപകമായി മഞ്ഞപ്പിത്ത രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ജീവനക്കാരും ഉള്‍പ്പെടെ ഇരുന്നോറോളം പേരാണ് കഴിഞ്ഞ ദിവസം പ്രദേശത്തെ വീടുകള്‍ തോറും കയറി ഇറങ്ങി സര്‍വേ നടത്തിയത്. കൂടുതല്‍ രോഗബാധിതര്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ പരിസരത്തെ പത്തോളം കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിലേക്ക് അയച്ചതായി ചങ്ങരോത്ത് പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ പ്രമീള അറിയിച്ചു.
സമീപ പഞ്ചായത്തുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജെഎച്ച്‌ഐമാര്‍, ജെപിഎച്ച്എന്‍ ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട 64 സ്‌ക്വാഡാണ് സര്‍വേക്കായി ഇറങ്ങിയത്. 1860 ഓളം വീടുകളില്‍ ഉദ്യോഗസ്ഥര്‍ എത്തി. രോഗം പിടിപെട്ടവരില്‍ നിരവധി പേര്‍ വടക്കുമ്പാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണെന്നതിനാല്‍ ഇന്ന് പ്രത്യേക പിടിഎ യോഗം ചേര്‍ന്നിരുന്നു.
യോഗങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഓണാവധിക്ക് ശേഷം സ്‌കൂള്‍ തുറന്നിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് പ്ലസ് വണ്‍ വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. അസുഖം ബാധിച്ചതിന്റെ ഉറവിടം കൃത്യമായി മനസ്സിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam