ഇന്ത്യയെ അറിയാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അറുപതോളം യുവാക്കളും വിദ്യാര്‍ത്ഥികളും; ഞായറാഴ്ച കേരളത്തിലെത്തും

Published : Aug 05, 2023, 07:12 PM IST
ഇന്ത്യയെ അറിയാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അറുപതോളം യുവാക്കളും വിദ്യാര്‍ത്ഥികളും; ഞായറാഴ്ച കേരളത്തിലെത്തും

Synopsis

ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കൾക്കും വിദ്യാര്‍ത്ഥികള്‍മായി നടത്തുന്ന മൂന്നാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമാണ് നോ ഇന്ത്യാ പ്രോഗ്രാം. ഇതിന്റെ കേരളത്തിലെ പരിപാടിയ്ക്കാണ് തുടക്കമാവുന്നത്.  

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66മത് എഡിഷന് ആഗസ്റ്റ് ഏഴിന് തുടക്കമാകും. പരിപാടിയുടെ ഭാഗമായി വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും ഓഗസ്റ്റ് ഏഴ് മുതല്‍ 13 വരെ കേരളം സന്ദര്‍ശിക്കും. സംസ്ഥാന സർക്കാരിനു വേണ്ടി നോർക്ക റൂട്ട്സിന്റെ നേതൃത്തിലാണ് സന്ദർശന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ആഗസ്റ്റ് ആറിന് വൈകുന്നേരം  കൊച്ചി വിമാനത്താവളത്തിലെത്തുന്ന സംഘം ഏഴ് മുതൽ  എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്  സന്ദര്‍ശനം നടത്തുക. 

ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്‍മാര്‍, ന്യൂസിലാന്റ്, സുരിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം, ന്യൂസിലാന്റ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുളള അറുപതോളം യുവതി-യുവാക്കളാണ് കേരളത്തിലെത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, സംസ്ഥാന സർക്കാർ, നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ എന്നിവര്‍ യാത്രയെ അനുഗമിയ്ക്കും. 

ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കൾക്കും വിദ്യാര്‍ത്ഥികള്‍മായി നടത്തുന്ന മൂന്നാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമാണ് നോ ഇന്ത്യാ പ്രോഗ്രാം. ഇതിന്റെ കേരളത്തിലെ പരിപാടിയ്ക്കാണ് തുടക്കമാവുന്നത്.  ഇന്ത്യയിലെ ജീവിതത്തിന്റെ വിവിധ മുഖങ്ങളെയും വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. സാമ്പത്തികം, വ്യാവസായികം, വിദ്യാഭ്യാസം, ശാസ്ത്രം & സാങ്കേതികവിദ്യ, ആശയവിനിമയം, വിവര സാങ്കേതികവിദ്യ എന്നീ രംഗങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതി പ്രവാസി യുവാക്കള്‍ യാത്രയിലൂടെ നേരിട്ടറിയും. 

ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കും ഇന്ത്യ സന്ദർശിക്കാനും അവരുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവെക്കാനും സമകാലിക ഇന്ത്യയുമായി അടുത്ത ബന്ധം വളർത്തിയെടുക്കാനും പരിപാടി അവസരമൊരുക്കും. കൊച്ചിൻ ഷിപ്പ്യാഡ് , വാട്ടർ മെട്രൊ, മുസിരിസ് പ്രദേശങ്ങൾ, കലാമണ്ഡലം, കുമരകം ബേർഡ് സാങ്ച്വറി തുടങ്ങിയവയും മറ്റ് സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാ സംഘത്തിനായി ചിന്മയ വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയിൽ 12 ന്  നടക്കുന്ന നെഹ്റു ട്രോഫി വളളം കളിയും ആസ്വദിച്ച ശേഷം സംഘം 13 ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരികെ ഡൽഹിയിലേയ്ക്ക് തിരിക്കും.

Read also: കുത്തിവെപ്പ്, കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ ശാരീരിക അസ്വസ്ഥത; പുനലൂർ താലൂക്ക് ആശുപത്രിയിൽ 2 ജീവനക്കാർക്ക് സസ്പെൻഷൻ

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം