
തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ 'ഇ-സേവ' എന്ന് പേരിട്ട പരിശോധന. തെരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഒരേസമയമായിരുന്നു വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.
അക്ഷയ സെന്ററുകളെ സമീപിക്കുന്ന പൊതുജനങ്ങളില്‍ നിന്നും ഓരോ ആവശ്യങ്ങള്‍ക്കും ഈടാക്കാവുന്ന ഫീസിനെ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായി ചില കേന്ദ്രങ്ങളില്‍ കൂടുതല്‍ സേവന ഫീസ് ഈടാക്കുന്നതായി കണ്ടെത്തി. വാങ്ങുന്ന ഫീസിന് കമ്പ്യൂട്ടര്‍ നിര്‍മ്മിത രസീത് മല്‍കണമെന്ന ഉത്തരവ് സംസ്ഥാനത്തെ മിക്ക അക്ഷയ സെന്റര്‍ ഉടമകളും പാലിക്കുന്നില്ല. ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ക്യാഷ്ബുക്ക് എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്ക സ്ഥാപനങ്ങളിലും അതില്ല. പൊതുജനങ്ങള്‍ക്ക് പരാതി എഴുതാനുള്ള രജിസ്റ്റര്‍ വയ്ക്കണമെന്നും ഈ രജിസ്റ്റര്‍ ജില്ലാ അക്ഷയ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ പരിശോധിക്കണമെന്നുമാണ് നിയമം. എന്നാല്‍ ഒട്ടുമിക്ക അക്ഷയ കേന്ദ്രങ്ങളിലും പരാതി രജിസ്റ്ററുകളില്ല.
സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും പല അക്ഷയ സെന്റുകളിലും ഇല്ല. അക്ഷയ സെന്ററുകള്‍ പരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട ജില്ലാ അക്ഷയ സെന്റര്‍ ഉദ്ദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാടില്‍ 2002ല്‍ പ്രവര്‍ത്തനമാരംഭിച്ച അക്ഷയ സെന്ററിലും ഇടുക്കി വണ്ടിപ്പെരിയാറില്‍ 2008ല്‍ ആരംഭിച്ച അക്ഷയ സെന്ററിലും കോട്ടയം മണര്‍ക്കാട് 2009ല്‍ ആരംഭിച്ച അക്ഷയ സെന്ററിലും തിരുവനന്തപുരം വട്ടപ്പാറയില്‍ 2010ല്‍ ആരംഭിച്ച അക്ഷയ സെന്ററിലും ആലപ്പുഴ കായംകുളത്ത് 2013 ജനുവരിയില്‍ ആരംഭിച്ച അക്ഷയ സെന്ററിലും മറ്റു നിരവധി അക്ഷയ സെന്ററുകളിലും ഇതുവരെയും അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ പരിശോധന നടത്തിയിട്ടില്ലെന്ന് മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്ററില്‍ നിന്നും ജില്ലാ അക്ഷയ കേന്ദ്രം പ്രോജക്റ്റ് ഓഫീസര്‍ക്ക്, 2022 ജൂണ്‍ മാസത്തിലും, പത്തനംതിട്ട മരാമണിലെ ഒരു അക്ഷയ സെന്ററില്‍ നിന്നും ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് 2022 നവംബര്‍ മാസത്തിലും ഗൂഗിള്‍ പേ വഴി പണം നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്ന റൂമില്‍ മറ്റു സ്ഥാപനങ്ങള്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ കൊല്ലം കൊട്ടിയത്തെ അക്ഷയ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.
അക്ഷയ സെന്ററുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ മെച്ചപ്പെട്ട സേവനം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ടി വരും ദിവസങ്ങളിലും പരിശോധന തുടരും. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് മേല്‍ നടപടികള്‍ക്കായി സര്‍ക്കാരിന് നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ടി. കെ വിനോദ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam