വയനാട്ടില്‍ ചാരായ വില്‍പ്പന വ്യാപകം: 14 ദിവസത്തിനിടെ ഏഴ് കേസുകള്‍, 11 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

By Web TeamFirst Published Sep 17, 2019, 9:06 AM IST
Highlights

വാറ്റാനുപയോഗിക്കുന്ന പാത്രങ്ങളടക്കം പലയിടങ്ങളിലായി സൂക്ഷിക്കുകയാണ് പകല്‍ നേരങ്ങളില്‍. രാത്രി മാത്രമാണ് ഇവ പുറത്തെടുത്ത് ചാരായം വാറ്റുന്നത്.

കല്‍പ്പറ്റ: വയനാട്ടിലെ ഭൂപ്രകൃതി മുതലെടുത്ത് ജില്ലയില്‍ വാറ്റുകേന്ദ്രങ്ങള്‍ പെരുകുന്നു. ഓണത്തോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 14 ദിവസം കൊണ്ട് ഏഴ് കേസുകളാണ് കണ്ടെത്തിയത്. ഇതുവരെ 1456 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. വില്‍പ്പനക്ക് സൂക്ഷിച്ച 41 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു.

വാളാട്, തലപ്പുഴ, ബീനാച്ചി എന്നിവിടങ്ങളിലെ വാറ്റ് കേന്ദ്രങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ബീനാച്ചിയില്‍ വിപുലമായ സൗകര്യങ്ങളോടെയായിരുന്നു വാറ്റുകേന്ദ്രം. ഇവിടെ നിന്ന് മാത്രം 600 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. വാളാട് നിന്ന് അഞ്ച് ലിറ്റര്‍ ചാരയവും 430 ലിറ്റര്‍ വാഷുമാണ് പിടിച്ചെടുത്തത്. വാളാട് എടത്തനയില്‍ നിന്നും മറ്റൊരു കേന്ദ്രത്തില്‍ നിന്നും അഞ്ച് ലിറ്റര്‍ ചാരായം വേറെയും പിടികൂടി. രണ്ട് സംഭവങ്ങളിലും കൂടിയായി മൂന്ന് പേര്‍ ഈ മേഖലയില്‍ നിന്ന് അറസ്റ്റിലായി. ആകെ ആറ് പേര്‍ ഇപ്പോള്‍ വിവിധ സംഭവങ്ങളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ഒരിടവേളക്ക് ശേഷം ആദ്യമായാണ് ഇത്രയുമധികം വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തുന്നത്. ആദിവാസികളെയും മറ്റു തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ചാരായ വില്‍പ്പന. കല്ല്യാണം പോലെയുള്ള വിശേഷ ദിവസങ്ങളില്‍ രഹസ്യമായി ചാരായം എത്തിച്ച് വിതരണം നടത്തുന്നുണ്ട്. വനപ്രദേശങ്ങളിലും മറ്റും വാറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അധികൃതര്‍ക്ക് കണ്ടെത്തുക ബുദ്ധിമുട്ടാണ്. മാത്രമല്ല പകല്‍ സമയങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. വാറ്റാനുപയോഗിക്കുന്ന പാത്രങ്ങളടക്കം പലയിടങ്ങളിലായി സൂക്ഷിക്കുകയാണ് പകല്‍ നേരങ്ങളില്‍. രാത്രി മാത്രമാണ് ഇവ പുറത്തെടുത്ത് ചാരായം വാറ്റുന്നത്.

അതിനിടെ 11 ലിറ്റര്‍ ചാരായവുമായി ഒരു യുവാവിനെ കൂടി മാനന്തവാടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരിയ ടൗണിലും പരിസരപ്രദേശങ്ങളിലും ചാരായം വാറ്റി വില്‍പ്പന നടത്തിവന്നിരുന്ന  പേരിയ ആലാറ്റില്‍ ഡിസ്‌കോ കവല  സ്വദേശിയായ മേക്കിലേരി വീട്ടില്‍  ഷിജില്‍ (36) ആണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെകര്‍  ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ചാരായം വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെയാണ് ഷിജില്‍ പിടിയിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ആര്‍  ജിനോഷ്, ഇ  അനൂപ്, പി വിജേഷ് കുമാര്‍,കെ എം അഖില്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


 

click me!