
ആലപ്പുഴ: ആഡംബര ബൈക്കിൽ ചാരായം കടത്താൻ ശ്രമിച്ചവർ എക്സൈസ് ഷാഡോ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചിട്ട ശേഷം രക്ഷപെട്ടു. ആലപ്പുഴ പടനിലത്തായിരുന്നു സംഭവം. പ്രതികളെ പിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
പടനിലം ഭാഗത്തുകൂടി ആഡംബര ബൈക്കിൽ ചാരായം കടത്തുന്നതായി നൂറനാട് എക്സൈസ് ഇൻസ്പക്ടർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രിവൻറീവ് ഓഫീസർ അബ്ദുൽ ഷുക്കൂറിൻറെ നേതൃത്വത്തിൽ പട്രോളിംഗ് സംഘവും എക്സൈസ് ഷാഡോ ടീമും പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. പടനിലം സ്കൂളിന് സമീപത്തുള്ള കെ.ഐ.പി കനാൽ റോഡിലൂടെ അതിവേഗതയിൽ എത്തിയ സംഘം ഷാഡോ ടീമിൻറെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം രക്ഷപെടുകയായിരുന്നു.
ബൈക്കിൽ ഉണ്ടായിരുന്ന ഷാഡോ ടീം അംഗം സിനുലാലിന് കാലിനും കൈയ്ക്കും പരിക്കേറ്റു. പ്രതികൾ സഞ്ചരിച്ചിരുന്ന യമഹ ഇനത്തിൽപ്പെട്ട രണ്ട് ലക്ഷം രൂപ വില വരുന്ന ബൈക്കും രണ്ട് ലിറ്റർ ചാരായവും എക്സൈസ് കണ്ടെടുത്തു.
ഹോസ്പിറ്റലിൽ കഴിയുന്ന കൂട്ടുകാരനെ കാണാൻ പോകാനെന്ന വ്യാജേനയാണ് ഉടമസ്ഥനിൽ നിന്ന് ബൈക്ക് താല്‍ക്കാലികമായി വാങ്ങിയതെന്ന് എക്സൈസിന് വിവരം ലഭിച്ചു. ചാരായം കടത്തിയവരെപ്പറ്റി കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും എക്സൈസ് പറഞ്ഞു.
Read more: ആലപ്പുഴയില്‍ മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശം; വിളവെടുത്ത നെല്ലും നശിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam