തൃശ്ശൂർ: ചക്ക വീണ് വീടിന്റെ പടിക്കെട്ട് തകർന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരങ്ങളെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. പരേതനായ വരണ്ടിയാനിക്കൽ രാഘവന്റെ മക്കളായ മിഥുൻ (31), മൃദുൽ (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗസ്റ്റിൻ ഭാര്യ എൽസി എന്നിവരാണ് യുവാക്കളെ വെട്ടുകത്തികൊണ്ട് വെട്ടിയത്.

അഗസ്റ്റിന്റെ അതിർത്തിയിൽ നിന്ന പ്ലാവിലെ ചക്ക പറിച്ചപ്പോൾ യുവാക്കളുടെ വീട്ടിലെ ചവിട്ടുപടി ചക്ക വീണ് തകർന്നു. പിന്നാലെ പടി നന്നാക്കി തരണമെന്ന ആവശ്യവുമായി മിഥുൻ, അഗസ്റ്റിന്റെ വീട്ടിലെത്തി. ഇതേചൊല്ലി നടന്ന തർക്കം കയ്യാങ്കളിയാവുകയും ചക്ക വൃത്തിയാക്കികൊണ്ടിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അഗസ്റ്റിൻ, മിഥുന്റെ കൈകളിലും പുറത്തും വെട്ടുകയായിരുന്നു.

മിഥുന്റെ വിളി കേട്ട് ഓടിയെത്തിയ മൃദുലിന് സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് വെട്ടേറ്റതെന്ന് പൊലീസ് പറയുന്നു. യുവാക്കൾക്ക് കൈക്കും പുറത്തുമാണ് വെട്ടേറ്റിട്ടുള്ളത്. പിടിവലിയിൽ നെറ്റിയിൽ പരിക്കേറ്റ അഗസ്റ്റിൻ സഹകരണ ആശുപത്രിയിലാണ്. സംഭവത്തിൽ വിയ്യൂർ പൊലീസ് ഇരുവിഭാഗത്തിന്റേയും പരാതിയിൽ നാല് പേർക്കുമെതിരെ കേസെടുത്തു.