
കൊച്ചി: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തണ്ടേക്കാട് കിഴക്കൻ വീട്ടിൽ മുഹമ്മദ് റിസ്‌വാൻ (33) ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സ്കൂട്ടറുകൾ മോഷണം നടത്തിയത്. പെരുമ്പാവൂർ സെന്‍റ് മേരീസ് പള്ളി, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കെ എസ് ഇ ബി പരിസരം എന്നിവിടങ്ങളിൽ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. മോഷണം നടത്തിയ സ്കൂട്ടറുകൾ പൊലീസ് കണ്ടെടുത്തു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. എ എസ് പി ജുവനപ്പടി മഹേഷിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, എസ് ഐമാരായ ജോസി എം ജോൺസൻ, സാബു കെ പോള്‍, കെ എസ് ബിനോയ്, എസ്സിപിഒ പി എ അബ്ദുൽ മനാഫ്, സിപിഒ മാരായ എം ബി സുബൈർ, ജിഞ്ചു കെ മത്തായി, പി എഫ് ഷാജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും എതിരെ തനിച്ച് താമസിക്കുകയായിരുന്ന വയോധികയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തതിന് കേസ്. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടെ വയോധികയുടെ വീട്ടില്‍ താമസിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. തവരവിള വാർഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവിനും എതിരെയാണ് പരാതി. മാരായമുട്ടം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് 78 കാരിയും അവിവാഹിതയുമായ ബേബി ഒറ്റയ്ക്ക് ജീവിച്ച് തുടങ്ങിയത്. മാരായമുട്ടം പൊലീസ് പരിധിയിലാണ് ഇവരുടെ വീട്. ബേബിയുടെ ഒറ്റയ്ക്കുള്ള ജീവിതം മനസിലാക്കിയ സുജിന്‍ 2021 ഫെബ്രുവരിയില്‍ ഭാര്യയ്ക്കും കുട്ടിയ്ക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്‍റെ ഭാര്യ ഗീതു ഉപയോഗിക്കുകയാണെന്ന് ബേബി പറയുന്നു. പിന്നീട് ഇതിൽ പലതും ഇരുവരും ചേര്‍ന്ന് പണയം വെച്ചു. ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് എല്ലാവരും കൂടി പോയി. പിന്നെ തിരിച്ചുവന്നില്ലെന്നും സ്വര്‍ണവും കൊടുത്തില്ലെന്നും ബേബി പറയുന്നു. മാത്രമല്ല, ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും ബേബിയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും ഇവര്‍ സൗഹൃദത്തിന്‍റെ മറവിൽ സ്വന്തമാക്കിയെന്നും ഇവര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാനെ കണ്ട് പരാതി കൊടുത്തു. തുടര്‍ന്നാണ് മാരായമുട്ടം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്. എന്നാല്‍, ബേബിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് സുജിന്‍റെ നിലപാട്.
കൂടുതല്‍ വായനയ്ക്ക്: മോഷണക്കേസ്; അമ്മയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് നാല് വര്‍ഷം തടവും പിഴയും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam