സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആദ്യം ലതയെയും മകന്‍ മനുവിനെയുമാണ് ഗൂഡല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

സുല്‍ത്താന്‍ബത്തേരി: നീലഗിരി ഗൂഢല്ലൂരില്‍ വീടിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നാല് വര്‍ഷം തടവുശിക്ഷ വിധിച്ചു. ഗൂഢല്ലൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. നീലഗിരി ഗൂഢല്ലൂര്‍ മാങ്കുഴിയില്‍ കൃഷ്ണകുട്ടിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് മാനന്തവാടി സ്വദേശികളായ ലതയെയും മകന്‍ മനുവിനെയും കര്‍ണാടക സ്വദേശിയായ മധുവിനെയും ഗൂഢല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കൃഷ്ണന്‍ കുട്ടിയും കുടുംബവും ആശുപത്രിയില്‍ പോയ സമയത്ത് വീടിന്‍റെ പൂട്ടുതകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആദ്യം ലതയെയും മകന്‍ മനുവിനെയുമാണ് ഗൂഡല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരുടെ സുഹൃത്തും കര്‍ണാടക സ്വദേശിയുമായ മധുവിനെയും അറസ്റ്റ് ചെയ്തു. ഗൂഢല്ലൂര്‍ മജിസ്‌ട്രേറ്റ് കോടതി മൂന്ന് മാസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കിയെന്നതാണ് ഈ കേസിന്‍റെ പ്രത്യേകത. വിചാരണക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂവര്‍ക്കും നാല് വര്‍ഷം വീതം തടവ് ശിക്ഷയും അഞ്ഞൂറ് രൂപ പിഴയും ചുമത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഊട്ടി മാര്‍ക്കറ്റിലെ 19 കടകളുടെ പൂട്ടുപൊളിച്ച് പണം കവര്‍ന്ന കേസില്‍ ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റിലായിരുന്നു. ഊട്ടി പാമ്പേകേസില്‍ ഭാഗത്തെ മനോജ് എന്ന യുവാവാണ് അറസ്റ്റിലായത്. ഊട്ടി മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കടകളിലാണ് ഇയാള്‍ രാത്രി മോഷണം നടത്തിയത്. പൊലീസ് അന്വേഷണത്തില്‍ 31,000 രൂപ കവര്‍ന്നതായി കണ്ടെത്തിയിരുന്നു.

ഇതിനിടെ പെരുമ്പാവൂരില്‍ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിലായി. തണ്ടേക്കാട് കിഴക്കൻ വീട്ടിൽ മുഹമ്മദ് റിസ്‌വാൻ (33) ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇയാള്‍ സ്കൂട്ടറുകൾ മോഷണം നടത്തിയത്. പെരുമ്പാവൂർ സെന്‍റ് മേരീസ് പള്ളി, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കെ എസ് ഇ ബി പരിസരം എന്നിവിടങ്ങളിൽ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. മോഷണം നടത്തിയ സ്കൂട്ടറുകൾ പൊലീസ് കണ്ടെടുത്തു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്: വയോധികയെ 'സിപിഎം കൗൺസിലർ ചതിച്ചു'; സ്ഥലവും 17 പവൻ സ്വർണവും പണവും കൈക്കലാക്കി: പൊലീസ് കേസ്