
വിശദീകരണവുമായി വിമാനത്താവള അതോറിറ്റി. വിമാനം ഇറങ്ങുന്ന സമയത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതില്‍ വന്ന പാകപ്പിഴയാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്നും കിയാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കണ്ണൂരില്‍ ഇറങ്ങിയ യാത്രക്കാര്‍ എയറോ ബ്രിഡ്ജ് വഴി വിമാനത്താവളത്തിലേക്ക് വന്നപ്പോള്‍ അറൈവല്‍ ഗേറ്റ് തുറന്നിരുന്നില്ല. ഗ്ലാസ് ഡോര്‍ അടച്ച് ചങ്ങല കൊണ്ട് പൂട്ടിയ നിലയിലായിരുന്നു ഗേറ്റ്. ഇതുമൂലം എല്ലാ യാത്രക്കാര്‍ക്കും ഗേറ്റിന് മുന്നില്‍ കാത്തു നില്‍ക്കേണ്ടി വന്നു. പലരും കാത്തുനില്‍ക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. രൂക്ഷമായ പ്രതികരണമാണ് കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ക്കെതിരെ പ്രവാസികളില്‍ നിന്നടക്കം സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായത്.
യാത്രക്കാര്‍ക്ക് അഞ്ച് മിനിറ്റും 40 സെക്കന്റും സമയം അറൈവല്‍ ഗേറ്റിലെ തുറക്കാത്ത വാതിലിന് മുന്നില്‍ കാത്തുനില്‍ക്കേണ്ടി വന്നുവെന്ന കാര്യം മനസിലാക്കിയിട്ടുണ്ടെന്ന് കിയാല്‍ പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ക്ക് പുറമെ വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസറും ചീഫ് എയറോഡ്രോം സെക്യൂരിറ്റി ഓഫീസറും കണ്ണൂര്‍ വിമാനത്താവളം വഴി സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാന്റ്ലിങ് കമ്പനികളുടെയും യോഗം വിളിച്ചിട്ടുമുണ്ട്.
ഭാവിയില്‍ ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നും വിമാനത്താവള അതോറിറ്റി വിശദീകരിക്കുന്നു. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്താവള മാനേജ്മെന്റ് അതിയായി ഖേദിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഭാവിയില്‍ ഉറപ്പുവരുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
2420 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ചരിത്രത്തലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഏതാനും വിമാന കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സര്‍വീസ് കുറഞ്ഞതോടെ നിരക്കുകളും കുത്തനെ കൂടി. വിമാനത്താവള കമ്പനി ദൈനംദിന ചെലവുകള്‍ പോലും നടത്തിക്കൊണ്ടു പോകാന്‍ പ്രതിസന്ധി നേരിടുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാറുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിമാനത്താവള വിഷയത്തെ വേണ്ടവിധം പ്രധാന്യം നല്‍കി പരിഗണിക്കുന്നില്ലെന്ന പരാതിയും പ്രവാസികള്‍ക്കുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് വലിയ സാധ്യതയുള്ള വിമാനത്താവളത്തെ തകര്‍ക്കുകയാണെന്നും ഒരു പ്രദേശത്തിന്റെ വികസന സാധ്യതകള്‍ തന്നെ ഇല്ലാതാക്കുകയാണെന്നും പ്രവാസി സംഘടനകള്‍ ആരോപിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam