
കോട്ടയം: നാട്ടിലെ ഇരുപത്തിരണ്ട് ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വീടൊരുക്കി കോട്ടയം അരുവിത്തുറ സെന്‍റ് ജോര്‍ജ് പള്ളി ഇടവക. രണ്ടുകോടിയിലേറെ രൂപ ചെലവിട്ട് വിപുലമായ പദ്ധതിയിലൂടെ നിർമ്മിച്ച വീടുകൾ ഈ മാസം പതിനാലിന് ഗുണഭോക്താക്കള്‍ക്ക് കൈമാറും. പൂഞ്ഞാര്‍ സഹദാ ഗാര്‍ഡന്‍സിലാണ് ഇരുപത്തി രണ്ടു വീടുകള്‍ നിർമിച്ചത്. വീടൊന്നിന് പത്തു ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം. വീടിനൊപ്പം സ്ഥലവും നൽകും. പത്തു സെന്‍റ് സ്ഥലത്താണ് ഓരോ വീടും സ്ഥിതി ചെയ്യുന്നത്. രണ്ടരയേക്കറിലാണ് വീടുകളുടെ നിര്‍മാണം. തീര്‍ഥാടന കേന്ദ്രമായ അരുവിത്തുറ സെന്‍റ് ജോര്‍ജ് പള്ളിയില്‍ നിന്നുളള വരുമാനവും ഇടവകാംഗങ്ങളില്‍ നിന്നുളള സംഭാവനയുമായി സ്വീകരിച്ച രണ്ടു കോടിയിലേറെ രൂപയും ചെലവിട്ടായിരുന്നു നിര്‍മാണം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരടക്കം ഗുണഭോക്തൃ പട്ടികയിലുണ്ട്. പതിനാലിന് സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും.
എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകള്‍ നിര്‍മിച്ചതെന്ന് പള്ളി വികാരി ഫാ.അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ പറഞ്ഞു. വീടിരിക്കുന്നത് 10 സെന്‍റ് ഭൂമിയിലായതിനാല്‍ എല്ലാവര്‍ക്കും മതിയായ സ്വകാര്യതയുണ്ടാകും. കുടിവെള്ളം, വൈദ്യുതി, കളിസ്ഥലം, റോഡ് തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വീടുകളിലേക്കും വാഹനമെത്തും. പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam