ലോക്ക് ഡൗൺ: കൂട്ടായ്മയില്‍ നേട്ടം കൊയ്ത് ജനകീയ മത്സ്യകൃഷി

By Web TeamFirst Published Apr 21, 2020, 9:35 PM IST
Highlights

കടൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ കർഷകർ വളർത്തുന്ന മത്സ്യങ്ങൾക്ക് വൻ ഡിമാന്റ്. ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയിലൂടെ ധനസഹായം ലഭിച്ച് മത്സ്യകൃഷി നടത്തുന്നവരാണ് ഈ നേട്ടം കൊയ്യുന്നത്. 

ചെങ്ങന്നൂര്‍: കടൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ കർഷകർ വളർത്തുന്ന മത്സ്യങ്ങൾക്ക് വൻ ഡിമാന്റ്. ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയിലൂടെ ധനസഹായം ലഭിച്ച് മത്സ്യകൃഷി നടത്തുന്നവരാണ് ഈ നേട്ടം കൊയ്യുന്നത്. ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിലുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി ഈ കാലയളവിൽ 7000 ടണ്ണോളം മത്സ്യം വിൽക്കാനായതായി കോർഡിനേറ്റർ ജോസ് കുളങ്ങര പറഞ്ഞു. 

പ്രദേശങ്ങളിൽ മൺകുളം, പടുതാകുളം, പാറകുളം തുടങ്ങിയവയിലാണ് ജനകീയ മത്സ്യ കൃഷി നടപ്പാക്കിയിട്ടുള്ളത്. കട്ല, രോഹു, ആസാം വാള, തിലാപ്പിയ, കരട്ടി, വരാൽ, കരിമീൻ എന്നീയിനങ്ങളിൽപ്പെട്ട മത്സ്യങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിലോയ്ക്ക് 200 രൂപാമുതൽ 300രൂപാ വരെയാണ് വില. ലോക്ക്ഡൗണിൽ മത്സ്യമേഖലയ്ക്ക് പ്രത്യേക ഇളവ് ഉള്ളതിനാൽ പൊലീസിന്റെ അനുമതിയോടെയാണ് മത്സ്യ വിൽപ്പന നടത്തുന്നത്.

വിഷാംശം കലരാത്ത മത്സ്യങ്ങൾ ചുറ്റുവട്ടത്തുതന്നെ ലഭിക്കുന്നതിനാൽ ആവശ്യക്കാരേറെയാണ്. കൂടാതെ സ്വന്തം ആവശ്യത്തിന് മത്സ്യങ്ങൾ വളർത്തുന്നവരും പ്രദേശങ്ങളിലുണ്ട്. മാന്നാർ ഫിഷറീസ് വകുപ്പിന്റെ കീഴിൽ ചെങ്ങന്നൂർ, മാവേലിക്കര പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജനകീയ മത്സ്യകൃഷി അക്വാകൾച്ചർ യൂണീറ്റിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. 

പമ്പ, അച്ചൻകോവിലാർ, പൊതുകുളങ്ങൾ, പാടശേഖരങ്ങൾ, സ്വകാര്യ കുളങ്ങൾ എന്നിവിടങ്ങളിലാണ് മത്സ്യകൃഷി നടത്തുന്നത്. അശാസ്ത്രീയമായുള്ള മത്സ്യബന്ധനം തടയുന്നതിനായി അപ്പർക്കുട്ടനാടൻ മേഖല ഉൾപ്പെടെയുള്ള 35 പഞ്ചായത്തുകളിലും ഫിഷറീസ് ഇൻസ്പെക്ടർ എം ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനകളും നടത്തി വരുന്നു. പുലിയൂർ, മാവേലിക്കര, തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ മത്സ്യകൃഷി സജീവമാണ്.

click me!