'മരിച്ചിട്ടില്ല, അവരിലൂടെ ജീവിക്കുന്നു'; ആറ് പേരില്‍ ജീവന്‍റെ പ്രകാശം പകര്‍ന്ന് മജീദിന്‍റെ അന്ത്യയാത്ര

By Web TeamFirst Published Apr 21, 2020, 4:56 PM IST
Highlights

മത്സ്യത്തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ മജീദ് (54) ഇനി ആറ് പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മജീദിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. 

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ മജീദ് (54) ഇനി ആറ് പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മജീദിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. കരള്‍, വൃക്ക, രണ്ട് കണ്ണുകള്‍, രണ്ട് ഹൃദയ വാല്‍വുകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കരള്‍ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയ വാല്‍വുകള്‍ ശ്രീ ചിത്രയ്ക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്.

അതീവ വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ആദരവറിയിച്ചു. ജനങ്ങള്‍ക്കായി ജീവിച്ചയാളാണ് മജീദ്. അവരുടെ കുടുംബത്തിന്റെ നന്മയിലൂടെ മജീദിന് മരണമില്ല. എക്കാലവും മജീദിനെ കേരളമോര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പേ ബസാര്‍ എറിയാട് വില്ലേജില്‍ ചേറാടിയില്‍ കുഞ്ഞുമൊയ്ദീന്റെ മകനായ സികെ. മജീദ് സിപിഎം. ലോക്കല്‍ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു. ജില്ലാ സെക്രട്ടറിയും കൂടിയാണ്. 

ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായുള്ള ഔദ്യോഗിക ചര്‍ച്ചയ്ക്കായാണ് ഏപ്രില്‍ 16ന് മജീദ് തിരുവനന്തപുരത്തെത്തിയത്. ലോക് ഡൗണ്‍ സമയത്ത് മത്സ്യത്തൊഴിലാളികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ച് ഇളവ് നേടാനാണെത്തിയത്. ചര്‍ച്ച കഴിഞ്ഞുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മജീദ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും കെകെ ശൈലജ ടീച്ചര്‍ എന്നിവര്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടുകയും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും ചൊവ്വാഴ്ച മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി രാത്രി 10.07ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുന്നോട്ട് വരികയായിരുന്നു. 'പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മജീദിക്ക. ജീവിത ശേഷവും ആര്‍ക്കെങ്കിലും ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കണം. സാമൂഹ്യ സമുദായ പശ്ചാത്തലം ഒന്നും നോക്കാതെയാണ് അവയവദാനത്തിന് മുന്നോട്ട് വരുന്നത്. മജീദ്ക്കായ്ക്ക് നല്‍കാനുള്ള കുടുംബത്തിന്റെ ഏറ്റവും വലിയ ആദരവാണിത്'- എന്നായിരുന്നു ബന്ധുക്കളുടെ വാക്കുകള്‍.

കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. ലോക് ഡൗണായതിനാല്‍ മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, യൂറോളജി വിഭാഗം മേധാവി ഡോ. വേണുഗോപാല്‍, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഉഷകുമാരി, ട്രാന്‍സ്പ്ലാന്റ് പ്രക്യുയര്‍മെന്റ് മാനേജര്‍ ഡോ. അനില്‍ സത്യദാസ്, ഡോ. സി ജയന്‍ എന്നിവരാണ് അവയവദാന പ്രകൃയയ്ക്ക് നേതൃത്വം നല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം കൊടുങ്ങല്ലൂര്‍ എറിയാട് ജമാഅത്ത് പള്ളിയില്‍ രാത്രി വൈകി നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ റംലത്ത് വീട്ടമ്മയാണ്. മണ്‍സൂര്‍, മന്‍സില, സുലേഖ ബീവി എന്നിവര്‍ മക്കളും ബഷീര്‍, അന്‍ഷാദ്, ജസീന എന്നിവര്‍ മരുമക്കളുമാണ്.

click me!