
പട്ടിമറ്റം: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പട്ടിമറ്റം സ്വദേശിയായ 73 വയസ്സുള്ള ചക്കരകാട്ടിൽ അബദുൾ അസീസാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി കവലയ്ക്ക് സമീപം 30 അടിയോളം താഴ്ച്ചയിൽ നിറഞ്ഞൊഴുകുന്ന പെരിയാർ വാലിയുടെ ഹൈലെവൽ കനാലിലേക്കാണ് കാർ പതിച്ചത്.
പട്ടിമറ്റം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം - മൂവാറ്റുപുഴ പ്രധാനപാത കടന്നുപോകുന്ന ഭാഗം കൂടിയായതിനാൽ ഇവിടെ പാലത്തിന് സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് അപകട കാരണമെന്നും മുൻപും നിരവധി അപകടങ്ങൾക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
പെരിയാർ വലിയുടെ ഹൈലെവൽ കനാൽ കടന്നുപോകുന്ന ഭാഗങ്ങിളിൽ അപകട മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാകൈവരികളോ ഉടൻ സ്ഥാപിപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ .എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ.സജീവൻ, എ.ആർ.ജയരാണ്ട്, ആർ.യു.റെജുമോൻ, വി .വൈ .ഷമീർ, പി.ആർ .ഉണ്ണികൃഷ്ണൻ, എസ്.ഷൈജു, എം.വി.വിൽസൺ എന്നിവരും നാട്ടുകാരും ചേർന്ന് ക്രൈയിൻ ഉപയോഗിച്ച് കാർ കരയിലെത്തിച്ചു.
ഭാര്യ ഉമ്മുക്കുൽസു (ലൈല) മക്കൾ: നസീർ, ( ഇലക്ട്രീഷ്യൻ ) നവാസ് അധ്യാപകൻ ( ചാലക്കുടി ചായിപ്പൻ ജി എച്ച് എസ് എസ് ) മരുമക്കൾ സഫിയ, ബിൻസീന ( വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വടുവോട് ബ്ലോക്ക് പഞ്ചായത്ത്).
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam