കക്ക സമ്പത്ത് കൂടുന്നു, അഷ്ടമുടി കായലിൽ കഴിഞ്ഞ വർഷം നിക്ഷേപിച്ചത് 30 ലക്ഷം കക്കവിത്തുകൾ, 3 മാസത്തേക്ക് കക്കവാരൽ നിരോധിക്കണമെന്ന് സിഎംഎഫ്ആർഐ

Published : Nov 30, 2025, 07:36 PM IST
ashtamudi lake clam population

Synopsis

സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം റീജണൽ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 30 ലക്ഷം കക്കവിത്തുകൾ കായലിൽ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയിൽ കക്കവിത്തുൽപാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങൾക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടത്.

കൊല്ലം: അഷ്ടമുടി കായലിലെ പൂവൻ കക്ക സമ്പത്ത് വർധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമങ്ങൾ ഫലം കാണുന്നു. സിഎംഎഫ്ആർഐ നടത്തിയ ഫീൽഡ് സർവേ പ്രകാരം കക്കയിനത്തിന്റെ ഉൽപാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും വിത്തു കക്കകൾ കായലിൽ വ്യാപകമായതായും കണ്ടെത്തി. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം റീജണൽ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 30 ലക്ഷം കക്കവിത്തുകൾ കായലിൽ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയിൽ കക്കവിത്തുൽപാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങൾക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടത്. കായലിലെ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായണ് പുനരുജ്ജീവന പദ്ധതി. 

ഷെൽഫിഷ് ഫിഷറീസ് വിഭാഗം നടത്തിയ സർവേയിൽ കക്ക വിത്തുൽപാദനത്തിൽ പുരോഗതി കൈവരിച്ചതായി കണ്ടെത്തി. ഉയർന്ന തോതിൽ ഉപ്പുരസമുള്ള ഭാഗങ്ങലിലാണ് കൂടുതലായും കക്ക കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയുടെ വളർച്ച സുഗമമാക്കുന്നതിനും കായലിൽ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനുമായി ഡിസംബർ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് കായലിൽ നിന്നും കക്കവാരുന്നതിൽ നിരോധനം ഏർപ്പെടുത്തണമെന്ന് സിഎംഎഫ്ആർഐ നിർദേശിച്ചു.

വിഴിഞ്ഞം കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ എം കെ അനിലിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ വർഷം നിക്ഷേപിച്ച കക്ക കുഞ്ഞുങ്ങളിൽ 80ശതമാനത്തോളം അതിജീവനനിരക്ക് ലഭിച്ചതായി കണ്ടെത്തി. നിക്ഷേപിച്ച് ഏഴ് മാസത്തിനുള്ളിൽ തന്നെ കക്ക കുഞ്ഞുങ്ങൾ 34 മില്ലി മീറ്റർ വലിപ്പമെത്തി. ഒക്ടോബർ മുതലാണ് ഇവയുടെ പ്രജനന കാലം ആരംഭിക്കുന്നത്. വിവിധ വലിപ്പത്തിലുള്ള കക്കകളാണ് കായലിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്താനായത്. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ വിത്തിന്റെ അളവ് 2.38 മില്ലി മീറ്റർ ആണ്. ഇനിയുള്ള മാസങ്ങൾ ഇവയുടെ വളർച്ചക്ക് നിർണായകമാണ്. അതിനാലാണ് ഡിസംബർ മുതൽ മൂന്ന് മാസത്തേക്ക് കക്ക വാരൽ നിരോധിക്കണമെന്ന നിർദേശം സിഎംഎഫ്ആർഐ മുന്നോട്ട് വെച്ചത്. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറാണ് സർവേക്ക് നേതൃത്വം നൽകിയത്.

ദീർഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി സിഎംഎഫ്ആർഐ മുന്നോട്ട് വെച്ച വിവിധ നിർദേശങ്ങൾ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്നുണ്ട്. മിനിമം ലീഗൽ സൈസ് നിയന്ത്രണം, പ്രത്യേക കാലയളവിലെ നിരോധനം, മെക്കാനിക്കൽ ഡ്രെഡ്ജിംഗ് നിരോധനം, കക്കവാരൽ നിരോധിത മേഖലകൾ എന്നിവ ഇതിൽപെടും. ശാസ്ത്രീയമല്ലാത്ത മണൽഖനനവും തോടുകളുടെ ശേഖരണവും വിത്തുകക്കകൾ വീണ സ്ഥലങ്ങളിൽ അവ നശിക്കാൻ കാരണമുണ്ടാകുന്നുണ്ടെന്നും സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകുന്നു. നിലവിലുള്ള മാനേജ്മെന്റ് നടപടികൾക്ക് സമാനമായി, നീണ്ടകര പാലത്തിന് സമീപമുള്ള ബാർ മൗത്ത് പ്രദേശം കക്ക വാരൽ നിരോധിത മേഖലയായി നേരത്തെ പ്രഖ്യാപിച്ചത് തുടരാനും സിഎംഎഫ്ആർഐ നിർദേശിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് സ‍ർപ്പക്കാവ് അടിച്ച് തകർത്തു, ശിവ പ്രതിഷ്ഠ അടിച്ചുമാറ്റി, ബിജെപി സ്ഥാനാർത്ഥിയുടെ ഭർത്താവ് പ്രതി, അറസ്റ്റ്
മദ്യലഹരിയിൽ വളർത്തുനായയെ കെട്ടിയിട്ട് ക്രൂരത, ചോദ്യം ചെയ്ത അയൽവാസിയെയും വിട്ടില്ല, കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ