
പാലക്കാട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 918 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് അഗളി എക്സൈസ്. ചീരക്കടവ്, ആനക്കട്ടി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത മദ്യം പിടിച്ചെടുത്തത്. ചീരക്കടവ് രാജീവ് നഗർ കോളനിയിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള വനപ്രദേശത്ത് വച്ച് 500 ലിറ്റർ കൊള്ളുന്ന സിന്റെസ് ടാങ്ക് നിറയെ, 18 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് കുടത്തിലുമായി സൂക്ഷിച്ച 518 ലിറ്റർ വാഷ് കണ്ടെടുത്തു. ഇത് കൂടാതെ, പാലൂർ ആനക്കട്ടി ഉന്നതിയിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കു മാറിയുള്ള വനപ്രദേശത്തെ നീർച്ചാലിന് സമീപം വെച്ച് 200 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇങ്ങനെ ആകെ 918 ലിറ്റർ വാഷ് കണ്ടെടുക്കുകയായിരുന്നു. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ജെ. ആർ. അജിത്തും സംഘവുമാണ് വാഷ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എം ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, ലക്ഷ്മണൻ എന്നിവരും വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷംന, അംബിക എന്നിവരും ഉണ്ടായിരുന്നു.