
ഇടുക്കി: എട്ടുവര്‍ഷം മുമ്പാണ് മുരിക്കാശ്ശേരിയിലെ സ്വന്തം വീട്ടില്‍ കള്ളന്‍ കയറിയത്. എം ടെകിന് തയ്യാറെടുക്കുമ്പോള്‍ രാത്രിയോടെ എത്തിയ കള്ളന്‍ അശ്വതിയുടെ ആഭരണങ്ങള്‍ കവര്‍ന്നു. തടയാന്‍ ശ്രമിച്ചെങ്കിലും തള്ളിവീഴ്ത്തി രക്ഷപ്പെട്ടു. പ്രവേശന പരീക്ഷ എഴുതാന്‍ പോലും കഴിയാത്ത അവസ്ഥയിലായിലായിരുന്നു അശ്വതി അന്ന്.
എന്നാല്‍ അത് കഥയുടെ തുടക്കം മാത്രമായിരുന്നു. എട്ടുവര്‍ഷങ്ങള്‍ക്കിപ്പറം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 41-ാം റാങ്ക് നേടി. കള്ളന്‍മാരില്‍ നിന്നും അക്രമികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സേവനത്തിനിറങ്ങുകയാണ് അശ്വതി. മോഷ്ടാക്കള്‍ ഭയപ്പെടുത്തിയ രാത്രിയാണ് തന്റെ മുന്നോട്ടുള്ള യാത്രക്ക് പ്രചോദനനമായതെന്ന് അശ്വതി പറയുന്നു.
അശ്വതിയുടെ അച്ഛന്‍ ജിജി വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലാണ് ഏറെക്കാലം ജോലി ചെയ്തത്. അതുകൊണ്ട് അശ്വതിയുടെ കുട്ടിക്കാലം ചിലവഴിച്ചത് കേരളത്തിന് പുറത്താണ്. രാജസ്ഥാനിലെയും ചെന്നൈയിലേയും കേന്ദ്രീയ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ കാലത്താണ് കേരളത്തിലെത്തിയത്. കോതമംഗലം ഊന്നുകല്ല് പഠനത്തിനുശേഷം ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസത്തിനായി കാണ്‍പൂരിലേക്ക് പോയി.
മൂന്നാര്‍ എഞ്ചിനിയറിങ് കോളേജിലാണ് ബി-ടെക് പൂര്‍ത്തിയാക്കിയത്. എംടെക്കിനായി ശ്രമിക്കുന്നതിനിടെയാണ് വീട്ടില്‍ കള്ളന്‍ കയറിയത്. തുടര്‍ന്നുള്ള രാത്രികളില്‍ അശ്വതി പേടിച്ച് ഞെട്ടി ഉണരുമായിരുന്നു. .പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാതെ വന്നതോടെ അച്ഛനൊപ്പം വിദേശത്തേക്ക് പോയി. അച്ഛന്റെ നിര്‍ബന്ധപ്രകാരം ഐഇഎല്‍ടിഎസ് പരീക്ഷയ്ക്ക് പരിശീലനം നേടി എറണാകുളത്തെത്തി.
പരിശീലകന്‍ തോമസ് മാമ്മനെ പരിചയപ്പെട്ടതാണ് സിവില്‍ സര്‍വ്വീസ് പഠിക്കാന്‍ യാത്ര ആരംഭിക്കാന്‍ കാരണം.രണ്ടുതവണ പരീക്ഷയെഴുതിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല പ്രതീക്ഷ കൈവിടാതെ കഠിനാധ്വാനത്തിലൂടെയാണ് ഇപ്പോള്‍ 41-ാം റാങ്കിന് അര്‍ഹയായത്. ഇടുക്കിയുടെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസില്‍ വിജയം നേടുന്ന ആദ്യ വ്യക്തിയാണ് അശ്വതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam