
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. അന്വേഷണത്തിന് എത്തിയ പൊലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ അഞ്ചു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്കർ (24), കെ വി ജെട്ടി അതിർത്തിയിൽ കണ്ണൻ (23), പുതുക്കേരിൽ അഖിൽ (ആന്റണി-22), പാനൂർ തറയിൽ വീട്ടിൽ ദിൽസേ സഹീർ (23 ), ചേലക്കാട് നടുവിലെ പറമ്പ് മനു (22) എന്നിവരാണ് അറസ്റ്റിലായത്.
കുമ്പളത്ത് ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. തൃക്കുന്നപ്പുഴ പതിയാങ്കര ഇലപ്പത്തറയിൽ ഹേമേഷ് കുമാറും കുടുംബവും ഈ ഭാഗത്ത് കൂടി കാറിൽ വരുമ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വെച്ചിരുന്ന ഒരു മോട്ടോർസൈക്കിൾ മാറ്റാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കാറിൽ ഹേമേഷിന്റെ ഭാര്യയും രണ്ട് മക്കളും, സഹോദരിയും ഭർത്താവും ആണ് ഉണ്ടായിരുന്നത്. ഇവർക്ക് നേരെയും കയ്യേറ്റം ഉണ്ടായി. വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ് ഐ വർഗീസ് മാത്യു, എസ് സി പി ഒ ജയൻ, ഹോം ഗാർഡ് ബാബു എന്നിവരെയും പ്രതികൾ കയ്യേറ്റം ചെയ്തു. ജയന് പരിക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് അറിയിച്ചു.
നിലമ്പൂരിൽ 20 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓണം പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസും കാളികാവ് എക്സൈസ് റെയ്ഞ്ച് ഓഫീസും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയിൽ 26 വയസ്സുള്ള നിഷാദിൽ നിന്ന് 20.235 ഗ്രാം മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്.
ഓണം പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കൂടി പട്രോളിംഗ് നടത്തി, എടക്കര പാലത്തിന് സമീപം കലക്കൻ പുഴയുടെ ഓരം ചാരി ഇല്ലിക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് വേണ്ടി കൈവശം വച്ച മയക്കുമരുന്ന് പിടിച്ചെടുത്തത്. എടക്കര പോലീസ് ഇൻസ്പെക്ടർ എൻ ബി ഷൈജുവിന്റെ സാന്നിദ്ധ്യത്തിൽ പ്രതിയെ പരിശോധിച്ചാണ് കൂടുതൽ തൊണ്ടിമുതൽ കണ്ടെടുത്തത്.
തുടർന്ന് നടപടികൾ പൂർത്തിയാക്കി പ്രതിയെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എആർ രതീഷ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ നിലമ്പൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കണ്ടെടുത്ത മെത്താഫിറ്റമിനും രേഖകളും നിലമ്പൂർ റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി.