
മലപ്പുറം: മാതൃ-ശിശു ആരോഗ്യ സുരക്ഷയില്‍ വലിയ മുന്നേറ്റവുമായി മലപ്പുറം ജില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ വീടുകളിലെ പ്രസവങ്ങള്‍ 80 ശതമാനത്തോളം കുറഞ്ഞതായി ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പ്രസവങ്ങള്‍ നടന്നിരുന്ന ജില്ലയില്‍ വന്ന ഈ മാറ്റം ആരോഗ്യ മേഖലയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ വര്‍ഷം ഡിസംബര്‍ വരെ ജില്ലയില്‍ ആകെ 36 വീടുകളിലെ പ്രസവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 191 ആയിരുന്നു. മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ പ്രസവത്തിനിടെ രക്തസ്രാവം മൂലം അസ്മ എന്ന 35 കാരി മരിച്ച സംഭവം ഗാര്‍ഹിക പ്രസവത്തിന്റെ അപകടസാധ്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായെന്ന് ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ പറഞ്ഞു. അസ്മയുടെ മരണശേഷം ഗര്‍ഭിണികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും ആശുപത്രി പ്രസവം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സഹരണത്തോടെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്.
മറ്റ് ബോധവല്‍ക്കരണ ശ്രമങ്ങള്‍ പരാജയപ്പെട്ട ഇടങ്ങളില്‍ മതനേതാക്കളെ ഉള്‍പ്പെടുത്തി നടത്തിയ ഇടപെടലുകളും വലിയ മാറ്റമുണ്ടാക്കി. ഇതിന്റെ ഫലമായി വീടുകളില്‍ പ്രസവിക്കാന്‍ നിശ്ചയിച്ചിരുന്ന 40-ലധികം സ്ത്രീകളെ അവസാന നിമിഷം ആശുപത്രികളിലേക്ക് മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.ഇത്തവണ റിപ്പോര്‍ട്ട് ചെയ്ത 36 ഗാര്‍ഹിക പ്രസവങ്ങളില്‍ എട്ടെണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേതാണ്. നേരത്തെ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ പോലും പ്രകൃതിദത്ത പ്രസവം എന്ന പേരില്‍ വീടുകളില്‍ പ്രസവിക്കാന്‍ ജില്ലയില്‍ എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.
2024-ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 17 ശിശുമരണങ്ങളില്‍ 12-ഉം വീടുകളിലെ പ്രസവവുമായി ബന്ധപ്പെട്ടതാണെന്ന കണ്ടെത്തല്‍ ഗൗരവകരമാണ്. ഇതിനെതിരെ താനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചതും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയതും ഈ നേട്ടത്തിന് ആക്കം കൂട്ടി.മാതൃശിശു ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായിരുന്ന ഈ പ്രവണത അവസാനിക്കുന്നത് വലിയൊരു മാറ്റമായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam