വീട്ടുകാര്‍ തേടിയെത്തി; ആനന്ദകണ്ണീര്‍ പൊഴിച്ച് ഗുണു ആസാമിലേക്ക് മടങ്ങി

By Web TeamFirst Published Apr 6, 2019, 5:36 PM IST
Highlights

കുട്ടിയെ കൊണ്ടുപോകാനായി  സ്ഥാപനത്തിലെത്തിയ രക്ഷിതാക്കള്‍ക്ക് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന കുട്ടിയെ കൈമാറി. 2018 നവംബര്‍ 15 ന് ശേഷമാണ് കുട്ടിയെ കാണാതായതെന്നും പലയിടങ്ങളിലും പരാതി നല്‍കുകയും അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ചു

കോഴിക്കോട്: സാമൂഹ്യനീതിവകുപ്പിന് കീഴില്‍ വെള്ളിമാട്‍കുന്ന് പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ ദി മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണ്‍ എന്ന സ്ഥാപനത്തില്‍ കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുഖേന 2018 നവംബര്‍ 27 നാണ് ഗുണു ഉറാന്‍ഗ് (16) എത്തുന്നത്. ഹിന്ദി സംസാരിക്കുന്ന കുട്ടിയില്‍ നിന്നും കുട്ടിയുടെ സ്വദേശം ആസാമിലെ ടിന്‍സൂക്കിയ ജില്ലയില്‍പ്പെട്ട 'മുലിയാപുരി' എന്ന സ്ഥലത്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ   ശിവന്‍ കോട്ടൂളിയുടെ ഇടപെടലിലൂടെ പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ മുഖേന കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു. 

കുട്ടിയെ കൊണ്ടുപോകാനായി  സ്ഥാപനത്തിലെത്തിയ രക്ഷിതാക്കള്‍ക്ക് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന കുട്ടിയെ കൈമാറി. 2018 നവംബര്‍ 15 ന് ശേഷമാണ് കുട്ടിയെ കാണാതായതെന്നും പലയിടങ്ങളിലും പരാതി നല്‍കുകയും അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ചു.

കുട്ടി സ്ഥാപനത്തിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിലെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. സ്വന്തം പിതാവിനെയും ബന്ധുവിനെയും കണ്ട ഗുണു ആനന്ദ കണ്ണീരൊഴുക്കിക്കൊണ്ട് ജീവനക്കാരോടും താമസക്കാരോടും യാത്രപറഞ്ഞാണ് സ്വദേശത്തേക്ക് പുറപ്പെട്ടത്. സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കിയാണ് കുട്ടികളും ജീവനക്കാരും ഗുണുവിനെ യാത്രയാക്കിയത്.

click me!