
പാലക്കാട്: ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആലപ്പുഴ - ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിൽ ആണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചവ് പിടികൂടുന്നതെന്ന് വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
മാരിലൈറ്റിന്റെ ബിസ്ക്കറ്റിന്‍റെ പായ്ക്കറ്റിൽ അതേ രൂപത്തില്‍ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റ് പായ്ക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നതെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി.
അതേസമയം, ആലപ്പുഴ ചെന്നിത്തലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ പൊലിസ് നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിലായി. കഞ്ചാവ് ചെടിയും പൊലിസ് പിടിച്ചെടുത്തു. ബീഹാർ സ്വദേശികളായ രാമുകുമാർ (30), സന്ദീപ് കുമാർ (18), തുന്നകുമാർ (34) മുന്നകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. ചെന്നിത്തല പഞ്ചായത്ത് എട്ടാം വാർഡിൽ ചേങ്കര ജംഗ്ഷനിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് ഒന്നേകാൽ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് നട്ട് പരിപാലിച്ചു വളർത്തിയ നിലയിൽ അഞ്ചര അടി പൊക്കമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ പൊലീസ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും, കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്. ഒരു കിലോയിൽ അധികം കഞ്ചാവ് പ്രതികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തു. വില്‍പനക്കായി 90 ചെറിയ കവറുകളിൽ പാക്ക് ചെയ്ത നിലയിലും കൂടാതെ മുഴുവനായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞും സഞ്ചിയിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam