തിങ്കളാഴ്ച്ച പുലർച്ചെ സൂര്യനെല്ലിയിൽ വച്ചായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന് നേര്‍ക്ക് പ്രതികള്‍ ആകമണം നടത്തുകയായിരുന്നു.
ഇടുക്കി: മോഷണക്കേസിലെ പ്രതികളെ പിന്തുടർന്ന് എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതികളെ പിടികൂടാൻ എത്തിയ ആലപ്പുഴ സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ആലപ്പുഴ കായംകളം സ്വദേശിയായ ദീപക് എന്ന പൊലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച പുലർച്ചെ സൂര്യനെല്ലിയിൽ വച്ചായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന് നേര്‍ക്ക് പ്രതികള്‍ ആകമണം നടത്തുകയായിരുന്നു. ശക്തമായ ആക്രമണം മറികടന്ന് മൂന്നു പേരെ പൊലീസ് പിടികൂടുകയും ചെയ്തു. ആലപ്പുഴ കായംകുളം സ്വദേശികളായ ഷെമീർ ബാബു, ഫിറോസ്, മുഹമ്മദ്, മുനീർ എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര, കായംകുളം സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളാണ് പ്രതികൾക്കെതിരെ ഉള്ളത്. മൂന്നു പേർ കൂടി ഇനി പിടിയിലാകാൻ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മൂന്നാർ പൊലീസെത്തി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഓട് മേഞ്ഞ കടകള്‍ തെരഞ്ഞെു പിടിച്ച് മോഷണം നടത്തുന്ന കള്ളന്‍ കോഴിക്കോട് പിടിയിലായി. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. രാത്രി നഗരത്തില്‍ കറങ്ങി നടന്ന ശേഷം ഓട് മേഞ്ഞ കടമുറികള്‍ കണ്ടെത്തും. പിന്നെ കടമുറിയുടെ പിന്നീലുടെ വലിഞ്ഞു കയറി ഓടിളക്കി നൂണ്ടിറങ്ങും.
പണം കവര്‍ന്ന ശേഷം തിരിച്ച് ഇതേ രീതിയില്‍ പുറത്ത് കടന്ന് രക്ഷപ്പെടുമെന്നതായിരുന്നു തിരുവനന്തപുരം സ്വദേശി മണികണ്ഠന്റെ രീതി. ഈ മാസം പത്തിനാണ് പന്നിയങ്കര പോലീസ് സ്റ്റേഷന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ മോഷണം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത തുണിക്കടയില്‍ കയറി പണം കവര്‍ന്നത്. സ്റ്റേഷന്‍റെ തൊട്ടു മുമ്പില്‍ നടന്ന സംഭവം പൊലീസിന് നാണക്കേടായതോടെ കള്ളനെ പിടികൂടാന്‍ പന്നിയങ്കര ഇന്‍സ്പെക്ടറും സംഘവും നേരിട്ടിറങ്ങുകയായിരുന്നു.
