'അത്തപ്പീ'; പിപിഇ കിറ്റ് തയ്ച്ചതിന് ശേഷമുള്ള കഷണങ്ങൾ കൊണ്ട് പൂക്കളം

By Web TeamFirst Published Aug 31, 2020, 12:57 PM IST
Highlights

 പൂക്കളമിടാൻ വ്യത്യസ്ത മാർഗവുമായി കൊച്ചിയിലെ വനിത കൂട്ടായ്മ. കൊവിഡ് കാലത്തെ ഏറ്റവും വലിയ ആവശ്യമായ പിപിഇ കിറ്റ് തയ്ച്ചതിന് ശേഷം ബാക്കി വന്ന കഷണങ്ങൾ കൊണ്ട് പൂക്കളമൊരുക്കി. ആശയത്തിന് പിന്നിൽ പ്രളയകാലത്ത് ചേക്കുട്ടി പാവകളെ സൃഷ്ടിച്ച ലക്ഷ്മി മേനോൻ. 
 

കൊച്ചി: പൂക്കളമിടാൻ ഇത്തവണ പൂക്കളില്ലെങ്കിലും കുഴപ്പമില്ല. വ്യത്യസ്തമായൊരു വഴി കണ്ടെത്തിയിരിക്കുകയാണ് കൊച്ചിയിലെ വനിത കൂട്ടായ്മ. കൊവിഡ് കാലത്തെ ഏറ്റവും വലിയ ആവശ്യമായ പിപിഇ കിറ്റ് തയ്ച്ചതിന് ശേഷമുള്ള ബാക്കി കഷണങ്ങൾ കൊണ്ടാണ് ഇവർ പൂക്കളമൊരുക്കിയിരിക്കുന്നത്.

ചെണ്ടുമല്ലിയും, ജമന്തിയും, അരളിയുമൊന്നും കിട്ടാനില്ല. ഓണത്തപ്പനും പൂവിതളുമെല്ലാം പിപിഇ തുണി തുണിക്കഷണങ്ങൾ. കൂട്ടിന് തൊടിയിലെ പൂക്കളും ഇലകളും. പ്രളയകാലത്ത് ചേക്കുട്ടി പാവകളെ സൃഷ്ടിച്ച ലക്ഷ്മി മേനോനാണ് ഈ കളര്‍ഫുൾ ആശയത്തിന് പിന്നിൽ.

ഒരു മണിക്കൂര്‍ കൊണ്ട് ഒരു ഉഗ്രൻ പൂക്കളം തന്നെയിവർ ഒരുക്കി. പിന്നെയൊരു പേരുമിട്ടു. അത്തപ്പീ.അത്തപ്പീയും കൈകൊട്ടിക്കളിയുമൊക്കെ കണ്ടിരിക്കുന്ന രണ്ട് പേരുണ്ട്. കഥകളിയും കഥകിളിയും. ചേക്കുട്ടിപാവകളെപോലെ കൊവിഡ് കാലത്തെ നമ്മുടെ അതിജീവനമാണ് ഇവർ സൂചിപ്പിക്കുന്നത്. 

കൊവിഡിനോട് കേരളം പോരാടിയ കഥ ലോകത്തോട് പറയാൻ അടുത്ത ദിവസം തന്നെ ഇവരെ വിവിധയിടങ്ങളിലേക്ക് അയക്കും. മാറിയ ലോകത്തോടൊപ്പം ഉപയോഗ ശൂന്യമായ വസ്തുക്കളെ സര്‍ഗാത്മകമായി വീണ്ടെടുക്കുകയാണ് ലക്ഷ്മിയും കൂട്ടുകാരും.

click me!