
തിരുവനന്തപുരം: ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിനു തീപിടിച്ചു. ആറ്റിങ്ങൽ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറൽ ബാങ്കിന്റെ എ ടി എം കൗണ്ടറിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുകയും ഫയർ അലാറം അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.
കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുന്നതും ഫയർ അലാറം അടിക്കുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നോക്കുമ്പോഴാണ് കൗണ്ടറിനുള്ളിൽ തീപ്പടരുന്നത് കാണുന്നത്. ഇവർ ഉടൻ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. ഉടൻ സ്ഥലത്ത് എത്തിയ അഗ്നിശമന സേന കൗണ്ടറിനുള്ളിലെ തീക്കെടുത്തിയതിനാൽ സമീപത്തെ ബാങ്കിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടർന്നില്ല. തീപിടുത്തത്തിൽ എ ടി എം കൗണ്ടറിന്നുള്ളിലെ എസി ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ ഭാഗികമായി കത്തി നശിച്ചതായി അഗ്നിശമന സേന അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam