
പൂച്ചാക്കൽ: ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലിൽ വീടിന്റെ ജനൽ ചില്ലുകളും ഓട്ടോറിക്ഷയുടെ ചില്ലുകളും സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൽ പണിക്കേഴത്ത് വീട്ടിൽ ശാലിനിയുടെ പുതിയതായി പണിതീർത്ത വീടിന്റെ നാലു ഭാഗത്തെ ജനൽ ചില്ലുകളും ഭർത്താവ് സന്ദീപിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകളുമാണ് ചൊവ്വാഴ്ച പുലർച്ച ഒരു മണിയോടെ അക്രമിസംഘം അടിച്ചു തകർത്തത്. ചില്ല് തകർന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ അക്രമികൾ ഓടി രക്ഷപെട്ടിരുന്നു.
ഈ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയും യൂണിയൻ പ്രവർത്തകയുമായ ശാലിനി കഴിഞ്ഞ ദിവസങ്ങളിൽ വനിതാ മതിലിന് അണി ചേരുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിനെതിരെ ഭീഷണിയുമായി പ്രദേശത്തെ ചിലർ രംഗത്ത് വന്നിരുന്നു എന്നും ഇതിന്റെ തുടർച്ചയാവാം അക്രമത്തിന് പിന്നിൽ എന്നും പൂച്ചാക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവമായി ബന്ധപ്പെട്ടു പൂച്ചാക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam