പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറി 

തൊടുപുഴ: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറി. 

ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു ഉദ്ഘാടനം. പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോർട്ടുമുണ്ട്.