അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശൻ രാജിവച്ചു

By Web TeamFirst Published Oct 15, 2019, 6:47 PM IST
Highlights

പാർട്ടി തീരുമാനം അനുസരിക്കുന്നെന്നും മറ്റൊരു ആദിവാസി ജനപ്രതിനിധിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്നും ഈശ്വരി പ്രതികരിച്ചു.

പാലക്കാട്: അട്ടപ്പാടി ബ്ലോക്ക് പ‌‌ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഈശ്വരി രേശൻ രാജിവച്ചു. സിപിഐ ജില്ല എക്സിക്യൂട്ടിവ് നിർദ്ദേശപ്രകാരമാണ് രാജി. അട്ടപ്പാടിയിലെ വികസനത്തിന് ഈശ്വരി രേശൻ എതിര് നിൽക്കുന്നുവെന്ന് പ്രാദേശിക സിപിഐ നേതൃത്വം പരാതിനൽകിയിരുന്നു.  പാർട്ടി തീരുമാനം അനുസരിക്കുന്നെന്നും മറ്റൊരു ആദിവാസി ജനപ്രതിനിധിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്നും ഈശ്വരി പ്രതികരിച്ചു.

അട്ടപ്പാടിയിലെ കോടതിസമുച്ചയത്തിന് കെട്ടിടം അനുവദിക്കൽ, ഫണ്ട് വിനിയോഗത്തിലെ വീഴ്ച തുടങ്ങിയ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് അട്ടപ്പാടി സിപിഐ മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. കഴിഞ്ഞമാസം ചേർന്ന പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടിവ് ഈ വിഷയം ചർച്ചചെയ്തു. ഈശ്വരി രേശൻ നൽകിയ വിശദീകരണം ഉൾപ്പെടെ ഈ മാസം ആറിന് ചേർന്ന ജില്ലാ നേതൃയോഗം പരിഗണണിച്ചാണ് രാജിവയ്ക്കാൻ നിർദ്ദേശം നൽകിയത്. 

ബുധനാഴ്ച സിപിഐ ജില്ല സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ അട്ടപ്പാടിയിൽ ചേർന്ന മണ്ഡലം കമ്മിറ്റിയിൽ രാജിക്കാര്യം റിപ്പോർട്ട് ചെയ്തു. എക്സിക്യൂട്ടീവ് നിർദ്ദേശം ഈശ്വരി രേശൻ രേഖാമൂലം കൈമാറി. പ്രാദേശിക നേതാക്കൾപോലും കൂടെയില്ലാതെയാണ് ഈശ്വരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിസമർപ്പിക്കാനെത്തിയത്.

Read Also: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ തർക്കം; പ്രസിഡന്റ് ഈശ്വരി രേശനെ മാറ്റാൻ നീക്കം

ഈശ്വരി രേശനെ മാറ്റണമെന്ന് സിപിഎം ഏരിയ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് മൂന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾകൂടി രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് പിന്മാറി. ആദിവാസി മഹാസഭസംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുംകൂടിയാണ് ഈശ്വരി. കെ ഇ ഇസ്മയിൽ പക്ഷത്തെ നേതാവുകൂടിയായ ഈശ്വരി രേശനെ മാറ്റുന്നതിന് പിന്നിൽ സിപിഐയിലെ ഉൾപാർട്ടി പോരാണെന്ന് ഒരുവിഭാഗം പ്രവർത്തകർ പറയുന്നു. ഈശ്വരി രേശനെ മാറ്റിയതോടെ, സിപിഐ ജില്ല ഘടകത്തിലെ വിഭാഗീയത ശക്തമാകുമെന്നാണ് വിലയിരുത്തൽ. 
 

click me!