Asianet News MalayalamAsianet News Malayalam

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ തർക്കം; പ്രസിഡന്റ് ഈശ്വരി രേശനെ മാറ്റാൻ നീക്കം

ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സ്ഥാനത്ത് നിന്ന് മാറ്റിയാൽ പാർട്ടി വിടുമെന്നുമാണ് ഈശ്വരി രേശന്റെ നിലപാട്.

attappadi block panchayath assault
Author
Palakkad, First Published Sep 15, 2019, 9:36 AM IST

പാലക്കാട്: അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഈശ്വരി രേശനെ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം. ഈശ്വരി രേശൻ വികസനത്തിന് എതിര് നിൽക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വവും സിപിഐയിലെ ഒരു വിഭാഗവുമാണ് രംഗത്തെത്തിയത്. എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സ്ഥാനത്ത് നിന്ന് മാറ്റിയാൽ പാർട്ടി വിടുമെന്നുമാണ് ഈശ്വരി രേശന്റെ നിലപാട്.

അടിയന്തിര പ്രധാന്യത്തോടെയാണ് ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ ഈശ്വരി രേശനെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം നടക്കുന്നത്. ‌ അട്ടപ്പാടിയിൽ അനുവദിച്ച കോടതിക്ക് കെട്ടിടം അനുവദിക്കുന്നതിലും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗത്തിലും വീഴ്ച വരുത്തി എന്നും പരാതിയുണ്ട്. ഫോറസ്റ്റ് വാച്ചർ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടി അനുമതികൂടാതെ വനംമന്ത്രിയെ കണ്ടതും സംഘടനാ വിരുദ്ധമെന്നും പരാതി. 

ഗൗരവമായ ആരോപണം ആയതിനാൽ മുതിർന്ന നേതാക്കളായ കെ ഇ ഇസ്മയിൽ , കെ പി രാജേന്ദ്രൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സിപിഐ അട്ടപ്പാടി മണ്ഡലം കമ്മറ്റി പ്രശ്നം ചർച്ച ചെയ്തു. അടുത്ത ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ഈശ്വരി രേശനെ മാറ്റണമെന്ന് സിപിഎം ഏരിയാ നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈശ്വരിരേശനെതിരെ നടക്കുന്നത് സംഘടിതമായ നീക്കമാണെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. 

കെ ഇ ഇസ്മയിൽ പക്ഷമായ ഇവരെ മാറ്റുന്നതിന് പിന്നിൽ പ്രധാനമായും ഗ്രൂപ്പ് പോരാണ് കാരണമെന്നാണ് ഒരു വിഭാഗം സിപിഐ നേതാക്കൾ പറയുന്നത്. എന്നാൽ തനിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈശ്വരി രേശൻ ജില്ലാ നേതൃത്വത്തെയും സിപിഐ സംസ്ഥാന നേതാക്കളെയും അറിയിച്ചുണ്ട്. വികസന പ്രവർത്തനങ്ങൾ നടത്തിയതിന്റെ കണക്കും നേതാക്കൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സിപിഐ നേതൃത്വം തയ്യാറായിട്ടില്ല. പരസ്യപ്രതികരണം പിന്നീടെന്ന് ഈശ്വരി രേശൻ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios