
തിരുവനന്തപുരം: അനധികൃതമായി കടത്താൻ ശ്രമിച്ച തേക്ക് തടി വനംവകുപ്പ് പിടികൂടി. നഗരൂർ തേക്കിൻകാട് ഭാഗത്ത് നിന്ന് പാസില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടിയും ഇതിനായി ഉപയോഗിച്ച ലോറിയും പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ, കരവാരം ഷഹാനി മൻസിലിൽ ഷംനാദ്, വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരെയും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പ്ലാവ് തടി വാങ്ങിയതിനുശേഷം ഇതിന്റെ മറവിലാണ് ഇവർ തേക്ക് തടി കടത്തിയത്. നഗരൂർ ഭാഗത്ത് നിന്നും കൊണ്ടുവന്നതും തേക്ക് തടി വാഹനത്തിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ പാസ് ഇല്ലാത്തതുമാണ് വാഹനം ഉൾപ്പടെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. തേക്കിൻകാട് ഭാഗത്ത് നിന്നും മുറിച്ചെന്നാണ് ഇവർ പറഞ്ഞത്. ഇത് കണക്കിലെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പാലോട് റേഞ്ച് ഓഫീസർ പറഞ്ഞു.
സ്വകാര്യവസ്തുവിൽ നിൽക്കുന്ന തേക്കുമരം വെട്ടുന്നതിനുള്ള നിയന്ത്രണം നിലവിലില്ല. എന്നാൽ ഈ തടി കടത്തിക്കൊണ്ടു പോകുന്നതിന് പാസ് ആവശ്യമാണ്. ഈ പാസ് നൽകുന്നത് കേരള ഫോറസ്റ്റ് ആക്ട് 39, 40, 76 എന്നീ വകുപ്പനുസരിച്ചുള്ള ചട്ടങ്ങൾ അനുസരിച്ചാണ്. സ്വന്തം ആവശ്യത്തിനു മുറിച്ചതും സ്വകാര്യഭൂമിയിൽ നിന്നതുമായ തേക്കാണെന്നു പറഞ്ഞ് കള്ളത്തടികൾ കടത്തുന്നതു തടയാനാണ് പാസ് ഏർപ്പെടുത്തിയിട്ടുള്ളത്. തേക്ക്, ഈട്ടി മുതലായവ ഒഴികെയുള്ള വൃക്ഷങ്ങൾക്ക് പാസ് നൽകുന്നതു വില്ലേജ് ഓഫിസറും തേക്ക്, ഈട്ടി, ഇലവ് എന്നിവയ്ക്കു പാസ് നൽകുന്നത് വനം വകുപ്പുമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam