
മലപ്പുറം: കൊണ്ടോട്ടി താലൂക്കിലെ ബിഎൽഒമാർ കൊണ്ടോട്ടി തഹസിൽദാർക്ക് സങ്കട ഹർജി നൽകി. എസ്ഐആറുമായി ബന്ധപ്പെട്ട് വലിയ മാനസിക പ്രയാസം നേരിടുന്നു എന്നാണ് കത്തിൽ ഉദ്യോഗസ്ഥർ എഴുതിയിരിക്കുന്നത്. എസ്ഐആർ നടപടി ക്രമങ്ങൾ ബിഎൽഒമാരുടെ തലയിൽ കെട്ടിവെച്ചു രെക്ഷപ്പെടാൻ ശ്രമിക്കുന്നതായി സംശയം എന്നും സങ്കട ഹർജിയിൽ പറയുന്നു. ഡിസംബർ 9ന് ഇറങ്ങുന്ന കരട് വോട്ടർപട്ടികയിൽ ഇല്ലെങ്കിൽ പൊതുജനം ബി എൽ ഓ മാർക്കെതിരെ തിരിയുമെന്ന് പോലും ഞങ്ങൾ ഭയപ്പെടുന്നു. ഞങ്ങളുടെ ജീവന് പോലും ഭീഷണിയാവുന്ന രീതിയിൽ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് എസ്ഐആർ നടപ്പിലാക്കുന്നത് എന്ന് പൊതുവേ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് ജോലി ചെയ്യുന്നതിൽ പ്രയാസമുണ്ട് എന്നാണ് സങ്കട ഹർജിയിൽ പറയുന്നത്. പരാതി തഹസീൽദാർ ജില്ലാ കളക്ടർക്ക് കൈമാറി.
അതേ സമയം, എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ആന്‍റണിയെ വീട്ടിലെത്തി കണ്ട് സംസാരിച്ചത്. ജോലിയിൽനിന്ന് വിടുതൽ നൽകാമെന്ന് ഉദ്യോഗസ്ഥർ ആന്‍റണിയെ അറിയിച്ചു. എന്നാൽ ജോലിയിൽ തുടരാം എന്നാണ് ആന്‍റണിയുടെ മറുപടി. കടുത്ത മാനസിക സംഘർഷം ഉണ്ടായപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചതെന്നും ആന്‍റണി ഉദ്യോഗസ്ഥരോട് പറഞ്ഞു. ജോലിഭാരം അറിയിച്ചതിനെ തുടർന്ന് ആന്‍റണിയെ സഹായിക്കാൻ മുണ്ടക്കയം വില്ലേജ് ഓഫീസിലെ രണ്ട് ജീവനക്കാരെ കൂടി ചുമതലപ്പെടുത്തി. പൂഞ്ഞാർ മണ്ഡത്തിലെ 110 -ാം ബൂത്തിലെ ബിഎൽഒയാണ് ആന്‍റണി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam