ഇടുക്കിയിൽ കാലവർഷത്തിന് മുമ്പ് അപകടകരമായ മരങ്ങൾ മുറിക്കണമെന്ന ഉത്തരവ് കണ്ടില്ലെന്ന് നടിച്ച് അധികൃതർ

By Web TeamFirst Published Jun 16, 2021, 3:12 PM IST
Highlights

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് റോഡരുകില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനം പി ഡബ്ല്യൂ ഡി വകപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കിയിട്ട് ഒരു മാസം പിന്നിടുകയാണ്...

ഇടുക്കി: ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയുണ്ടെന്ന് പറഞ്ഞ് റോഡ് നിര്‍മ്മാണത്തിന്‍റെ മറവില്‍ പോലും ഇടുക്കിയില്‍ നിന്നും വ്യാപാകമായി മരങ്ങള്‍ മുറിച്ച് കടത്തുമ്പോള്‍ കാലവര്‍ഷത്തിന് മുമ്പ് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ജില്ല കളക്ടറുടെ ഉത്തരവ് പി ഡബ്ല്യൂഡി അടക്കമുള്ള വകുപ്പുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏത് നിമിഷവും നിലം പൊത്താവുന്ന തരത്തില്‍ നൂറ് കണക്കിന് മരങ്ങളാണ് വഴിയോരങ്ങളില്‍ നില്‍ക്കുന്നത്. 

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് റോഡരുകില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനം പി ഡബ്ല്യൂ ഡി വകപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കിയിട്ട് ഒരു മാസം പിന്നിടുകയാണ്. നിലവില്‍ മഴയും കാറ്റും ശക്തമായിട്ടും ഇത്തരം മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേ ഉത്തരവിന്‍റെ മറവില്‍ മരം മുറിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കി മരങ്ങള്‍ അടയാളപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്നതിന് മുമ്പാണ് പി ഡ ബ്ല്യൂഡി, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നെടുങ്കണ്ടത്തുനിന്നും കരാറുകാരന്‍ മരം മുറിച്ച് കടത്തിയത്. 

എന്നാല്‍ ഇടുക്കി ഹൈറേഞ്ചിലെ റോഡരുകുകളില്‍ ഏത് നിമിഷവും നിലം പൊത്താവുന്ന തരത്തില്‍ ദ്രവിച്ച് തീര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കൊച്ചി ധനുഷ്കൊടി ദേശീയപാതയിലും. സംസ്ഥാനപാതയിലും നിരവധി മരങ്ങളാണ് ഇത്തരത്തിലുള്ളത്. ഉണങ്ങി ദ്രവിച്ച് തുടങ്ങിയ മരങ്ങളുടെ ശിഖരങ്ങള്‍ ഇപ്പോള്‍ ഒടിഞ്ഞ് വീഴുന്ന അവസ്ഥയുമുണ്ട്. വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന ഇത്തരം മരങ്ങള്‍ മുറിക്കാന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടകാരും പൊതുപ്രവര്‍ത്തകരും. 

click me!