
മാനന്തവാടി: വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് നിര്‍ത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. ദൃക്സാക്ഷികളില്ലാതിരുന്ന, വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന കേസില്‍ പ്രതി വലയിലായത് പോലീസിന്റെ നിര്‍ത്താതെയുള്ള അന്വേഷണത്തിനൊടുവില്‍. നല്ലൂര്‍നാട് സ്വദേശി എ.വി ഹംസ (49) യെയാണ് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മാനന്തവാടി പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ കെ.എല്‍ 72 ഡി 7579 നമ്പര്‍ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം ഏഴിന് രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അയലമൂല ഭാഗത്തു നിന്നും മോളിത്തോട് ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന മോളിത്തോട് സ്വദേശി വി.കെ ജോണി (61)യെയാണ് എതിര്‍ ദിശയില്‍ വന്ന ഓട്ടോ മോളിത്തോട് പാലത്തിന് സമീപം വെച്ച് ഇടിച്ചിട്ടത്. ജോണി റോഡിലേക്ക് തെറിച്ചു വീണെങ്കിലും ഹംസ ഓട്ടോ വേഗത്തില്‍ തന്നെ ഓടിച്ചു പോവുകയായിരുന്നു. വലതു കാലിന്റെ എല്ലടക്കം തകര്‍ന്ന് ഗുരുതര പരിക്കുകളോടെ ജോണി ചികിത്സയിലാണ്.
തുമ്പായത് പൊട്ടിയ സൈഡ് മിററും ഇടിയേറ്റ് ചളുങ്ങിയ ഭാഗവും
അപകടം നടന്നത് രാത്രിയായതിനാലും ഇടിയേറ്റ വ്യക്തിക്ക് ഗുരുതര പരിക്കേറ്റതിനാലും വാഹനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി പോലീസിന് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മറ്റു ദൃക്സാക്ഷികളും കേസിലുണ്ടായിരുന്നില്ല. 150തിന് അടുത്ത് സിസിടിവി ദൃശ്യങ്ങളും ഓട്ടോറിക്ഷകളും പരിശോധിച്ചും വര്‍ക് ഷോപ്പുകളും മറ്റു സ്ഥലങ്ങളും പരിശോധിച്ചും പോലീസ് അന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. വീണ്ടും സമീപ പ്രദേശങ്ങളിലെ ഓട്ടോകള്‍ കേന്ദ്രീകരിച്ച് പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ രാത്രിയോടെ ഓട്ടോയെയും പ്രതിയെയും കണ്ടെത്തിയത്.
വാഹനത്തിന്റെ സൈഡ് മിറര്‍ പൊട്ടിയതും ഇടിച്ച ഭാഗം ചെറുതായി ചളുങ്ങിയതുമാണ് കേസ് അന്വേഷണത്തില്‍ തുമ്പായി മാറിയത്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ അതുല്‍ മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.കെ ജോബി, ബി. ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ ജോസഫ്, കെ.വി രഞ്ജിത്ത്, എ.ബി ശ്രീജിത്ത്, അരുണ്‍, അനുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam