
കണ്ണൂര്‍: റോഡ് അപകടത്തിൽപ്പെട്ട‌് ഗുരുതരാവസ്ഥയിലായ ഭർത്താവ‌് കണ്ണൊന്നു തുറക്കുന്നതും കാത്തിരിക്കുകയാണ‌് സവിത. അച്ഛൻ മിണ്ടാതെ കിടക്കുന്നതു കണ്ട‌് കരയുന്ന പറക്കമുറ്റാത്ത രണ്ടു കുഞ്ഞു മക്കളെയും ചേർത്തുപിടിച്ച‌് ആശുപത്രി മുറിയിലും ഇപ്പോൾ വീട്ടിലുമായി സവിത കൂട്ടിരിക്കാൻ തുടങ്ങിയിട്ട‌് മാസം അഞ്ചു തികഞ്ഞു. ഒരുമിച്ചു കളിച്ചു വളർന്ന‌് ഒടുവില്‍ ജീവിതത്തിലേക്കും കൈപിടിച്ച മനോജിന്‍റെ കട്ടിലിനരികിൽ നിന്നും ഒരു നിമിഷം പോലും മാറാതെ സവിതയിരിപ്പാണ‌്.
ഓട്ടോ ഡ്രൈവറായ ചപ്പാരപ്പടവ‌് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയൻ മനോജാ(40)ണ‌് ഗുരുതരാവസ്ഥയിൽ കഴിയുന്നത‌്. ഓട്ടോറിക്ഷ മറിഞ്ഞ‌് തലക്ക‌് പരിക്കേറ്റ‌് മനോജ‌് അബോധാവസ്ഥയിലായിട്ട‌് അഞ്ചു മാസമായി. 2018 ഒക‌്ടോബർ 28 നാണ‌് രാത്രി ഓട്ടം കഴിഞ്ഞ‌് വീട്ടിലേക്കു മടങ്ങുമ്പോൾ ചപ്പാരപ്പടവ‌് പെരുമളാബാദിൽ മനോജിന്റെ ഓട്ടോ മറിഞ്ഞത‌്. പരിക്കേറ്റു റോഡിൽ കിടന്ന മനോജിനെ നാട്ടുകാരാണ‌് ആശുപത്രിയിൽ എത്തിച്ചത‌്.
ആദ്യം പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു. തുടര്‍ന്ന് മൂന്നു മാസത്തിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും. പ്രതിദിനം നാലായിരത്തോളം രൂപ താങ്ങാനാവാത്ത സാഹചര്യത്തിൽ വീട്ടിലേക്ക് കൊണ്ടുവന്നു. വിദഗ്ധ ചികിൽസക്ക് ലക്ഷങ്ങൾ വേണം. വെല്ലൂരിലോ മറ്റോ എത്തിച്ച് വിദഗ്‍ധ ചികിത്സ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിന് വഴി കാണാതെ കുഴങ്ങുകയാണ് കുടുംബം.
അഞ്ചു മാസമായിട്ടും മനോജിന‌് ബോധം തിരിച്ചുകിട്ടിയില്ല. ഭാര്യ സവിതയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം മനോജിനെ ആശ്രയിച്ചാണ‌് കഴിയുന്നത‌്. വലിയ തുക ചെലവിനു കണ്ടെത്തണം. ദിനംപ്രതി 2000 രൂപയിലധികം മരുന്നിന് മാത്രമായി വേണം. മറ്റ് ചിലവുകൾക്കായി വലിയ തുക വേറെയും കണ്ടെത്തണം. മനോജിന്റെ ജ്യേഷ്ഠൻ മരത്തിൽ നിന്ന് വീണ് നീണ്ട നാളത്തെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയതേയുള്ളൂ. ഭാരിച്ച ചിലവുകൾകൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഈ കുടുംബം. തുടർ ചികിത്സ നടത്തിയാൽ മനോജിനെ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകുമെന്ന് ഡോക്ടർമാർ ഉറപ്പു പറയുന്നു. സഹായമില്ലാതെ ചികിൽസ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഉദാരമതികളുടെ കനിവു തേടുകയാണ‌് കുടുംബം.
നാട്ടുകാർ പിരിച്ചെടുത്തു നൽകിയ പണം ആശുപത്രിയിൽ ചെലവായി. മനോജിന്റെ ചികിൽസക്കു പണം കണ്ടെത്താനായി നാട്ടുകാർ ചികിൽസ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട‌്. കായക്കൂൽ മമ്മു കൺവീനറും ടി ബാലൻ ട്രഷററുമായ കമ്മറ്റിയാണ‌് പ്രവർത്തിക്കുന്നത‌്. മനോജിന്റെ ഭാര്യ സവിതയുടെ പേരിൽ എസ‌്ബിഐ തളിപ്പറമ്പ‌് ശാഖയിൽ അക്കൗണ്ട‌് തുറന്നിട്ടുണ്ട‌്. എത്ര ചെറുതോ ആവട്ടെ നിങ്ങളുടെ ചെറു സഹായങ്ങൾ ചേർന്നൊഴുകിയാൽ മാത്രമേ ആശുപത്രി ചെലവിന്‍റെ ലക്ഷങ്ങളുടെ കണക്കുകൾ മറികടക്കാൻ ഈ ദരിദ്ര കുടുംബത്തിന‌് കഴിയൂ. കരുണ വറ്റാത്തവര്‍ ഒന്നു സഹായിക്കാമോ?
ACCOUNT NUMBER
38088281589
SAVITHA
SBI TALIPARAMBA BRANCH
IFSC : SBIN0001000
ഫോണ്‍: 9495672314