പൊലീസ് അന്യായമായി പിഴ ചുമത്തിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാഭീഷണി

By Web TeamFirst Published Jan 9, 2023, 2:58 PM IST
Highlights

ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് മാത്രമല്ല ഗതാഗത തടസം പോലും ഉണ്ടാക്കാതെയാണ് താന്‍ വാഹനം പാര്‍ക്ക് ചെയ്തെന്നും കാന്തി പറയുന്നു.

തിരുവനന്തപുരം: പൊലീസ് അന്യായമായി 2,000 രൂപ പിഴ ചുമത്തി എന്ന് ആരോപിച്ച് നാഗർകോവിലിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറുടെയും കുടുംബത്തിന്‍റെയും ആത്മഹത്യാ ഭീഷണി. തമിഴ്നാട് നാഗർകോവിലിന് സമീപം പെരിയവിള സ്വദേശിയും ബീച്ച് റോഡ് ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറുമായ കാന്തിയും കുടുംബവുമാണ് പൊലീസിന് എതിരെ നടുറോഡിൽ ആത്മഹത്യ ഭീഷണി മുഴക്കിയത്.  ഇന്നലെ വൈകുന്നേരം ബീച്ച് റോഡ് ജംഗ്ഷനിൽ ഓട്ടോ ഒതുക്കി ഇട്ടിരുന്ന സമയം അതുവഴി വന്ന തമിഴ്നാട് ട്രാഫിക്ക് പൊലീസ് കാന്തിയുടെ ഓട്ടോ അനധികൃത പാർക്കിംങ്ങ് നടത്തി എന്ന് കാട്ടി 2,000 രൂപ പിഴ ചുമത്തുക ആയിരുന്നു. 

എന്നാല്‍ താൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും മാത്രമല്ല ഗതാഗത തടസം പോലും ഉണ്ടാക്കാതെയാണ് വാഹനം പാര്‍ക്ക് ചെയ്തെന്നും കാന്തി പറയുന്നു. തന്‍റെ ദിവസ വരുമാനത്തെക്കാൾ വലിയ തുക പിഴ ഈടാക്കിയതിൽ മനം നൊന്ത് കാന്തി ഭാര്യയെയും മകനെയും കൂട്ടി ബീച്ച് റോഡ് ജംഗ്ഷനിലെത്തി പരസ്യമായി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ജനങ്ങള്‍ നോക്കി നിൽക്കെ വാഹനത്തിരക്കേറിയ റോഡിന് നടുവില്‍ വച്ച്  ഇദ്ദേഹം ശരീരത്തിൽ മണ്ണണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെങ്കിലും ഇതുവഴി പോയ ആളുകള്‍ കാന്തിയുടെ കൈയില്‍ നിന്നും മണ്ണെണ്ണ കാന്‍ പിടിച്ച് വാങ്ങുകയായിരുന്നു. തുടര്‍ന്ന് അന്യായമായി പിഴ ചുമത്തിയ പൊലീസ് പിഴ പിൻവലിക്കണമെന്നും തന്നോട് മാപ്പ് പറയണമെന്നും കാന്തി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം താന്‍ റോഡില്‍ തന്നെ കിടക്കുമെന്നും ഇയാള്‍ പറഞ്ഞു. ഭാര്യയെയും കുട്ടിയെയും ഇയാള്‍ തന്നോടൊപ്പം റോഡില്‍ കുത്തിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ നാട്ടുകാര്‍ ഇയാളെ അനുനയിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. 

click me!