
ആലപ്പുഴ: കൊവിഡ് രോഗവ്യാപനം തടയുന്നതിന് പുതിയ മാറ്റവുമായി നഗരത്തിലെ ഓട്ടോഡ്രൈവര്‍മാര്‍ രംഗത്ത്. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും രോഗ വ്യാപനം തടയുന്നതിനുമായി മോട്ടോര്‍ വാഹനവകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ കാബിനും യാത്രക്കാരുടെ സീറ്റിനുമിടയിലായി ഷീല്‍ഡുകള്‍ സ്ഥാപിച്ചാണ് നഗരത്തിലെ പല ഓട്ടോകളുടെയും സവാരി.
ബുധനാഴ്ച മുതല്‍ ഓട്ടോകളില്‍ യാത്രക്കാരെ കയറ്റുമ്പോള്‍ അവരുടെ പേരും വിലാസവും വാഹന രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഈ നിര്‍ദേശം ഡ്രൈവര്‍മാരില്‍ പലരും അറിഞ്ഞിട്ടില്ല. അതേസമയം കെ.എസ്.ആര്‍.ടി.സി.ക്ക് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ യാത്രക്കാരെ കയറ്റുന്നതിനുമുന്‍പ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ചൂട് അളക്കുകയും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയുമാണ് സവാരി ആരംഭിക്കുന്നത്.
വാഹനത്തിനുള്ളില്‍ ഷീല്‍ഡുകള്‍ സ്ഥാപിക്കാനുള്ള അവസാന തിയതി നാളെ വരെയാണ്. തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കും. സമ്പര്‍ക്കവ്യാപന സാഹചര്യമുണ്ടായാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും എന്നതുകൊണ്ടാണ് വിവരങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത്. ഇതിനായി ബുക്കുതന്നെ വേണമെന്നില്ല. അതത് ദിവസത്തെ രേഖകള്‍ പേപ്പറിലെഴുതി സൂക്ഷിച്ചാലും മതിയാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam