
ഇടുക്കി: മൂന്നാര്‍ സെവന്‍ മല എസ്റ്റേറ്റ് ന്യൂ മൂന്നാര്‍ ഡിവിഷനില്‍ ലയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. പ്രദേശവാസി ഗണേശന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് ഗണേശന്‍ പറയുന്നു. സംഭവത്തിൽ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്നാര്‍ ടൗണിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കഴിക്കുന്ന ഗണേശന്‍ വ്യാഴാഴ്ച വൈകിട്ടോടെ ഓട്ടം അവസാനിപ്പിച്ച് സെവന്‍ മല ഏസ്റ്റേറ്റിലെ തന്റെ ലയത്തിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ടിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ സ്ഫോടന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഓട്ടോറിക്ഷക്ക് അഗ്നിബാധയുണ്ടായത് ഗണേശന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
തീ അണക്കാനുള്ള ശ്രമം നടത്തുന്നതിന് മുമ്പ് തന്നെ ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവമറിഞ്ഞ് മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളുടെ വിവരം ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. നിര്‍ദ്ധനന്‍ ആയ ഗണേശന്‍ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ജീവിക്കാനുള്ള ഏക മാര്‍ഗ്ഗം കത്തി നശിച്ചതോടെ മൂന്ന് കുട്ടികളും ഭാര്യയുമടങ്ങിയ ഗണേശന്റെ കുടുംബം ഇനി എന്തുചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.
അതേസമയം, രാത്രികാലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയര്‍, ബാറ്ററി തുടങ്ങിയവ മോഷണം പോകുന്നത് പ്രദേശത്ത് പതിവ് സംഭവമാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രദേശത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം നടന്നിരുന്നു. ഈ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam