
തൃശൂർ: മൃഗശാലയ്ക്കു മുമ്പിൽ പാർക് ചെയ്തിരുന്ന കാറിൽ നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പന്നിത്തടം സ്വദേശി റഷീദ് ആണ് പിടിയിലായത്. ചീട്ടു കളിച്ചുണ്ടാക്കിയ കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് ഡ്രൈവറുടെ മൊഴി.
സിസിടിവിയില്‍ നിന്നും ലഭിച്ച ചെറിയ സൂചനയുടെ പിന്നാലെ പൊലീസ് അന്വേഷിച്ചു പോയതോടെയാണ് മലപ്പുറം തിരൂര്‍ സ്വദേശികളുടെ കാറില്‍ നിന്ന് ആറുപവന്‍ മോഷ്ടിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായത്. സംഭവം ഇങ്ങനെ. കഴിഞ്ഞ അഞ്ചിന് തൃശൂര്‍ മൃഗശാല കണ്ട് മടങ്ങിയെങ്കിലും വീട്ടുകാര്‍ ബാഗ് പരിശോധിക്കാത്തതിനാല്‍ മോഷണം അറിയാന്‍ വൈകി. കുട്ടിയുടെ ആഭരണങ്ങളായിരുന്നു നഷ്ടപ്പെട്ടത്. പത്തൊന്പതിന് അന്വേഷിച്ചപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതറിയുന്നത്. വൈകാതെ ഈസ്റ്റ് പൊലീസില്‍ പരാതിയും നല്‍കി.
പ്രദേശത്തെ സിസിടിവി പരിശോധിച്ച പൊലീസ് സംഘത്തിന് കാവി മുണ്ടുടുത്ത ഒരാള്‍ സ്വര്‍ണ ആഭരണങ്ങളെടുത്ത് ഓട്ടോയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ കിട്ടി. സൂം ചെയ്ത് നോക്കിയപ്പോൾ എ ഇസഡ് സണ്‍സ് എന്ന സ്റ്റിക്കര്‍ തിരിച്ചറിഞ്ഞു. മുടിക്കോട് സ്വദേശിക്ക് ഈ പേര് പതിച്ച പത്ത് ഓട്ടോ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ആ വഴിക്ക് നീങ്ങി. ഉടമയെ ബന്ധപ്പെട്ടപ്പോള്‍ ഡ്രൈവര്‍മാരില്‍ ആറുപേര്‍ പാന്‍റിടുന്നവരും നാലുപേര്‍ മുണ്ടുടുക്കുന്നവരുമാണെന്ന മൊഴി കിട്ടി.
അതിലൊരാള്‍ മാത്രമായിരുന്നു കാവി മുണ്ടുടുക്കുന്നത്. പന്നിത്തടം സ്വദേശി റഷീദ്. രണ്ടര ലക്ഷത്തോളം രൂപയ്ക്ക് മൂന്നു സ്ഥലങ്ങളിലായി സ്വര്‍ണ്ണം വിറ്റിരുന്നു റഷീദ്. അറുപതിനായിരം രൂപ ചീട്ടു കളിച്ച കടമുണ്ടായിരുന്നു. അത് വീട്ടാനായിരുന്നു മോഷണം. ബാക്കി പണവും ചീട്ടുകളിച്ചു കളഞ്ഞു. ഇനി പോലീസ് തേടിവരില്ലെന്ന് ഉറപ്പിച്ചിരിക്കുമ്പോൾ ആയിരുന്നു അറസ്റ്റ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam