
തൃശൂർ: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. അന്തിക്കാട് മുറ്റിച്ചൂർ ബാപ്പു നഗറിൽ താമസിക്കുന്ന മെജോയുടെ പാസഞ്ചർ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. ശബ്ദം കണ്ട് വീട്ടുകാർ വാതിൽ തുറന്ന് പുറത്തേക്ക് വന്നപ്പോഴേക്കും കത്തിച്ചവർ ഓടി രക്ഷപ്പെട്ടു. അന്തിക്കാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. കൂടുതൽ വിശദമായ അന്വേഷം നടക്കുന്നതായി പൊലീസ് പറഞ്ഞു.
നാലര ലക്ഷം രൂപയോളം നഷ്‌ടം വന്നതായി മെജോ പറയുന്നു. വീടിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ച നിലയിലാണ്. കഴിഞ്ഞ 21 വർഷമായി ചെമ്മാപ്പിള്ളി സെൻററിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാർഗം നടത്തുകയാണ് മെജോ. വീടിനു സമീപം കടയും മറ്റു വാഹനങ്ങളും ഉണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം ഈ ഭാഗങ്ങളിലേക്ക് തീപടരുന്നത് ഒഴിവായി.