കണ്ണൂരിൽ നിന്നും അയോനയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത് വിമാനത്തിൽ, മരണത്തിലും 5 പേർക്ക് പുതുജീവനേകി 17കാരി

Published : Jan 15, 2026, 06:21 PM IST
Ayona

Synopsis

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരക്കൂടുതൽ പരിഗണിച്ച് ഇൻഡിഗോയുടെ വിമാനത്തിലാണ് വൃക്ക എത്തിച്ചത്. അയോനയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.  

തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽനിന്നു ചാടി മരിച്ച പതിനേഴുകാരിയുടെ കിഡ്‌നി അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കെട്ടിടത്തിൽ നിന്ന് വീണ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അയോന മോൻസൺ (17) ഇനി അഞ്ചു പേർക്ക് പുതുജീവനേകും. അയോനയുടെ വൃക്ക വിമാനമാർഗം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി അവയവം ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് കൊമേഴ്സ്യൽ വിമാനത്തിൽ എത്തിച്ചു എന്ന പ്രത്യേകതയും  അവയവ ദാനത്തിനുണ്ട്. ആദ്യം ഹെലികോപ്റ്ററിൽ കൊണ്ടുവരാനാണ് തീരുമാനിച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം യാത്ര ഇൻഡിഗോ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരക്കൂടുതൽ പരിഗണിച്ച് കൃത്യ സമയത്തിനുള്ളിൽ വൃക്ക എത്തിക്കാനാണ് വിമാനമാർഗം എത്തിക്കാൻ തീരുമാനിച്ചത്. ഇൻഡിഗോയുടെ വിമാനത്തിലാണ് വൃക്ക എത്തിച്ചത്. രാവിലെ 10.42ന് വൃക്ക തിരുവനന്തപുരം എയർപോർട്ടിലും 11ന് സർക്കാർ മെഡിക്കൽ കോളേജിലും എത്തിച്ചു.   അയോനയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ രോഗിയ്ക്കും കരൾ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്രപടലങ്ങൾ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്. വേർപാടിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ അയോനയുടെ കുടുംബം എടുത്ത തീരുമാനത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആയിരുന്ന അയോണ മോൺസൺ ജനുവരി 12ന് രാവിലെ 8.15ന്സ്കൂളിന്റെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയോനയെ പയ്യാവൂർ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജനുവരി 14 ന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവം ദാനം ചെയ്യാൻ സമ്മതം നൽകുകയായിരുന്നു. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു വിദ്യാർഥിനി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അച്ഛൻ കെ. എം മോൻസൺ, അമ്മ: അനിത മോൻസൺ. മാർട്ടിൻ മോൻസൺ, എയ്ഞ്ചൽ മോൻസൺ എന്നിവരാണ് സഹോദരങ്ങൾ. പൊലീസിന്റെ സഹായത്തോടെ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം റോഡ് മാർഗം വേഗത്തിലെത്തിച്ചത്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുടരുന്ന നിയമലംഘനം, ദീർഘദൂര ബസുകൾ കുറഞ്ഞ ദൂരത്തേക്കുള്ള യാത്രക്കാരെ സ്റ്റോപ്പുകളിൽ നിന്ന് കയറ്റുന്നില്ലെന്ന് പരാതി
റബര്‍ തോട്ടത്തിന് തീ പിടിച്ചു, ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു